ദോഹ: ഖത്തറിലെ സര്‍വ്വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന മികച്ച പ്രവാസി വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലാ കമ്പനികളില്‍ അനുയോജ്യമായ ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്ന സംരംഭമായ 'ഉഖൂല്‍' പ്ലാറ്റ്‌ഫോം ഉടന്‍ ആരംഭിക്കും. പുതുതായി ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ക്കും തൊഴില്‍ അഭിലാഷങ്ങള്‍ക്കും അനുയോജ്യമായ ജോലികള്‍ കണ്ടെത്തി നല്‍കുന്നതിനുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ കാര്യക്ഷമമാക്കുന്ന പ്ലാറ്റ്‌ഫോം വിവിധ ഘട്ടങ്ങളായാണ് നടപ്പിലാക്കുകയെന്നും അതിന്റെ ഒന്നാംഘട്ടം താമസിയാതെ ആരംഭിക്കുമെന്നും പ്രവാസി തൊഴില്‍ കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഓഫീസിലെ പ്രോജക്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മുനീറ അല്‍ ശുറൈം അറിയിച്ചു. പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും.
ഖത്തര്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഭൂരിഭാഗം പ്രവാസി വിദ്യാര്‍ത്ഥികളും ജനിച്ച് വളര്‍ന്നത് ഖത്തറിലാണ്. അതുകൊണ്ടുതന്നെ പ്രാദേശിക സംസ്‌കാരം, പാരമ്പര്യം, ഖത്തര്‍ നിയമങ്ങള്‍ എന്നിവ അവര്‍ക്ക് പരിചിതമാണ്. വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന ജീവനക്കാരെക്കാള്‍ മികച്ച രീതിയില്‍ പ്രാദേശിക സമൂഹവുമായി ചേര്‍ന്നു പോവാന്‍ ഇവര്‍ക്ക് എളുപ്പത്തില്‍ സാധിക്കും. അതുകൊണ്ടുതന്നെയാണ് ഈ വിദ്യാര്‍ഥികളെ ഖത്തര്‍ തൊഴില്‍ കമ്പോളത്തിലേക്ക് എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമിടുന്നതെന്നും അവര്‍ അറിയിച്ചു.
Q