അട്ടപ്പാടിയിലേത് കൊലപാതകമെന്ന് വിഡി സതീശന്‍
ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് മന്ത്രി രാധാകൃഷ്ണന്‍
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങള്‍ സ്വയം പര്യാപ്തതയിലെത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ എന്തുകൊടുത്തിട്ടും കാര്യമില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. പ്രതിപക്ഷത്തിന് എന്തും പറയാമെന്നും വ്യാഖ്യാനിച്ച് വാദപ്രദിവാദമല്ല മറിച്ച് ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയ്ക്ക് മുന്നിലെ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ 25 കോടിയോളം പേര്‍ക്ക് വിദ്യാഭ്യാസം കിട്ടിയിട്ടില്ല. കേരളം പക്ഷേ വളരെ ദൂരം മുന്നോട്ട് പോയി. ഡിജിറ്റല്‍ വിദ്യാഭ്യാസം ആര്‍ക്ക് ആദ്യം കൊടുക്കണമെന്ന കാഴ്ചപ്പാട് സര്‍ക്കാരിനുണ്ട്. ആദിവാസി കുട്ടികള്‍ക്ക് ആദ്യ പരിഗണന നല്‍കി. സംസ്ഥാനത്ത് ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിലൂടെ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകും. അട്ടപ്പാടി വിഷയത്തില്‍ മുഖ്യമന്ത്രിയുമായി രണ്ട് തവണ സംസാരിച്ചു. അവിടേക്ക് വേണ്ട കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അവരെ കൂടി പങ്കെടുപ്പിച്ച് കൊണ്ട് വികസനം നടപ്പാക്കും. സ്വയം പര്യാപ്തതയിലേക്ക് അവരെ എത്തിക്കും. ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത് നല്ല കാര്യം. കുട്ടികളുടെ മരണം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ട്. സിക്കിള്‍ സെല്‍ അനീമിയയാണ് പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു.