കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ആര്‍എംപി നേതാവ് കെഎസ് ഹരിഹരനെതിരെ കേസെടുത്ത് വടകര പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. വിവിധ സംഘടനകള്‍ വടകര പൊലീസിനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കേസിനെ നിയമപരമായി നേരിടുമെന്നാണ് ഹരിഹരന്റെ പ്രതികരണം.
ഹരിഹരന്റെ വീടിന് നേര്‍ക്ക് വൈകിട്ട് 8.15 ഓടെ ആക്രമണം നടന്നിരുന്നു. സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടക വസ്തു എറിഞ്ഞു. ചുറ്റുമതിലില്‍ തട്ടിപ്പൊട്ടിയതിനാല്‍ അപകടം ഒഴിവായി. വീടിന് നേര്‍ക്ക് ആക്രമണം നടത്തിയതിന് പിന്നില്‍ സിപിഎം ആണന്നാണ് ഹരിഹരന്റെ ആരോപണം. മാപ്പ് പറഞ്ഞാല്‍ തീരില്ലെന്ന പി മോഹനന്റെ പ്രസ്താവനയുടെ തുടര്‍ച്ചയാണ് ആക്രമണെമെന്നും സിപിഎം അല്ലാതെ ഇത് വേറെ ആരും ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഹരിഹരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഉച്ചക്ക് അപരിചിതമായ ഒരു കാര്‍ വീടിന്റെ പരിസരത്ത് വന്നിരുന്നു. വടകര രജിസ്‌ട്രേഷനുള്ള ചുവന്ന കാറായിരുന്നു ഇതെന്നും ഈ നമ്പര്‍ സഹിതം പോലീസില്‍ വിവരമറിയിച്ചിരുന്നു എന്നും ഹരിഹരന്‍ പറഞ്ഞു. ചിലര്‍ വീടിന്റെ മുന്നില്‍ വന്നുനിന്ന് അസഭ്യവര്‍ഷവും നടത്തിയിരുന്നുവെന്നും ഹരിഹരന്‍ വ്യക്തമാക്കി.