ഓഗസ്റ്റ് 27 ന് ശേഷം അബുദാബിയിലേക്ക് എത്തുന്നവര്‍ അഞ്ച് ദിവസം മുന്നേ രജിസ്റ്റര്‍ ചെയ്യണം
അബുദാബി: ഓഗസ്ത് 27നു ശേഷം അബൂദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനം കയറുന്നതിന് അഞ്ചു ദിവസം മുമ്പേ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍വെയ്സ് അറിയിച്ചു. അബൂദാബി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടത്. 27ന് മുമ്പ് യാത്ര ചെയ്യുന്നവര്‍ക്ക് നിലവിലെ രീതിയില്‍ വിമാനം കയറുന്നതിന് തൊട്ടുമുമ്പ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു.
യുഎഇ പൗരന്‍മാര്‍ക്കും റെഡിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്കുമാണ് അബുദാബിയില്‍ പ്രവേശനാനുമതി. അതോടൊപ്പം ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ളവര്‍ക്കും അബുദാബിയില്‍ നിന്ന് ഇഷ്യൂ ചെയ്ത വിസിറ്റ് വിസയുള്ളവര്‍ക്കും ടൂറിസ്റ്റ് വിസയുള്ളവര്‍ക്കും അബുദാബിയിലേക്ക് വരാം. യാത്രയ്ക്കു മുമ്പ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണമെന്നും നിബന്ധനകളില്‍ പറയുന്നു.
ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊട്ടുമുമ്പുള്ള 14 ദിവസങ്ങള്‍ക്കിടയില്‍ ആ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഓണ്‍അറൈവല്‍ വിസ സംവിധാനം അബുദാബി താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും ഇത്തിഹാദ് എയര്‍വെയ്സ് അറിയിച്ചു. അതേസമയം, യുഎസ്, ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഓണ്‍അറൈവല്‍ വിസയില്‍ വരുന്നതില്‍ തടസ്സമില്ല.
അബുദാബിയില്‍ എത്തുന്നവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ അല്‍ ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണെന്നും ഇത്തിഹാദ് എയര്‍വെയ്സ് യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി. പൂര്‍ണമായി വാക്സിന്‍ എടുക്കുകയും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്തവര്‍ക്കാണ് ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കുക. ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ ആപ്പിലോ ica.gov.aeയിലോ യാത്രയുടെ അഞ്ച് ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്യണം. സന്ദര്‍ശകര്‍ അബുദാബിയില്‍ എത്തിയാല്‍ യുഐഡി നമ്പര്‍ ലഭിക്കും. ica.gov.aeയില്‍ പാസ്പോര്‍ട്ട് നമ്പര്‍ നല്‍കിയാലും ഈ യുഐഡി നമ്പര്‍ ലഭ്യമാക്കാം. അല്‍ ഹുസ്ന്‍ ആപ്പില്‍ കയറി യുഐഡി നമ്പര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് അടുത്തപടി. പിസിആര്‍ ടെസ്റ്റ് ഫലം നെഗറ്റീവ് ആകുന്നതോടെ ആപ്പിലെ സ്റ്റാറ്റസ് പച്ചനിറമാകും. ഇത് കാണിച്ചു വേണം അബൂദാബിയില്‍ മാളുകള്‍, കഫേകള്‍, റസ്റ്റൊറന്റുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവേശിക്കാന്‍.