റിയാദ്: സ്വദേശത്തും വിദേശ രാജ്യത്തും നടന്ന വിസ കച്ചവടത്തില്‍ പങ്കാളികളാവുകയും കൈക്കൂലി വാങ്ങുകയും ചെയ്ത വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെയും രണ്ട് പൊലിസുകാരെയും ഒമ്പത് വിദേശ പൗരന്മാരെയും അഴിമതി വിരുദ്ധ മേല്‍നോട്ട സമിതി അറസ്റ്റ് ചെയ്തു. തൊഴില്‍ വിസകള്‍ നല്‍കി വന്‍തോതില്‍ പണം സമ്പാദിച്ചതിനാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ പിടിയിലായതെങ്കില്‍ വന്‍ തുകയുടെ ബാധ്യതാ പത്രത്തില്‍ ഒപ്പിടാന്‍ വിദേശ പൗരനെ പ്രേരിപ്പിച്ചതിന്റെ പേരിലാണ് പൊലീസുകാര്‍ അറസ്റ്റിലായത്.
അഴിമതി വിരുദ്ധ മേല്‍നോട്ട അതോറിറ്റിയായ 'നസഹ'യും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ സൗദി എംബസി കേന്ദ്രീകരിച്ച് നടന്ന വിസ കച്ചവടവും അഴിമതിയുമാണ് പിടിക്കപ്പെട്ടത്. എംബസി കോണ്‍സുലര്‍ വിഭാഗം തലവന്‍ ഖാലിദ് നാസര്‍ അയ്ദ് അല്‍ ഖഹ്താനി, മുന്‍ ഡെപ്യൂട്ടി അംബാസഡര്‍ അബ്ദുല്ല ഫലാഹ് മദ്ഹി അല്‍ശംരി എന്നിവരാണ് അറസ്റ്റിലായ നയതന്ത്ര ഉദ്യോഗസ്ഥര്‍. തൊഴില്‍ വിസകള്‍ നല്‍കി വന്‍തോതില്‍ പണം സമ്പാദിച്ചതിന് ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൗദിയില്‍ പണം സ്വീകരിച്ചത് കൂടാതെ വിദേശത്ത് ഇവര്‍ നിക്ഷേപം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.
റിക്രൂട്ട്മെന്റ് ഓഫീസ് ഉടമയും സൗദിയില്‍ തമാസക്കാരനുമായ മുഹമ്മദ് നാസറുദ്ദീന്‍ നൂര്‍, മറ്റൊരു ഓഫീസ് ഉടമ സായിദ് ഉസൈദ് മൂഫി, അബുല്‍ കലാം മുഹമ്മദ്, റഫീഖ് അല്‍ ഇസ്ലാം, അസീസ് അല്‍ഹഖ് മുസ്ലിമുദ്ദീന്‍, അഷ്റഫുദ്ദീന്‍ അക്‌നാദ്, സന്ദര്‍ശന വിസയില്‍ സൗദിയിലുള്ള ആലമീന്‍ ഖാന്‍, ഷാഹിദ് അല്ലാഖാന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ധാക്കയിലെ സൗദി എംബസി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് അനധികൃത വിസ കച്ചവടം നടത്തി വന്നതായും ഇപ്രകാരം ധാരാളം പണം സമ്പാദിച്ചതായും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. രണ്ട് കോടി 18 ലക്ഷത്തില്‍പരം റിയാലും സ്വര്‍ണക്കട്ടികളും ആഢംബര വാഹനങ്ങളും ഇവരില്‍നിന്ന് പിടിച്ചെടുത്തതായും 'നസഹ' അധികൃതര്‍ വെളിപ്പെടുത്തി.
ഫലസ്തീനി നിക്ഷേപകന്‍ സാലിഹ് മുഹമ്മദിന് വേണ്ടി 2.3 കോടി റിയാലിന്റെ ബാധ്യതാപത്രത്തില്‍ ഒപ്പുവെക്കാന്‍ വിദേശിയെ നിര്‍ബന്ധിച്ചതിന് റിയാദ് റീജനല്‍ പൊലീസിലെ മിഅതാബ് സാദ് അല്‍-ഗനൂം സ്പെഷല്‍ മിഷന്‍സ് ഫോഴ്സിലെ ഉദ്യോഗസ്ഥന്‍ ഹാതിം മസ്തൂര്‍ സാദ് ബിന്‍ ത്വയ്യിബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിനായി 60,000 റിയാല്‍ ഇവര്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. ഫലസ്തീനി നിക്ഷേപകനും കസ്റ്റഡിയിലാണ്. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.