കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങുന്നു. അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ പോലും കഴിയാത്ത നിലയിലാണ് രാജ്യം. വിദേശനാണ്യം ഏതാണ്ട് പൂര്‍ണമായും ഇല്ലാതായതോടെയാണ് രാജ്യം പ്രതിസന്ധിയിലായത്. പ്രതിപക്ഷപാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസം കൊളംബോയില്‍ നടന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി നിരവധിയാളുകള്‍ക്ക് പരുക്കേറ്റിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതോടെയാണ് അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നത്. പെട്രോള്‍, ഡീസല്‍ വില മാത്രം 40 ശതമാനം വര്‍ദ്ധിച്ചു. വിദേശനാണ്യം തീര്‍ന്ന് രാജ്യം പ്രതിസന്ധിയിലായതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതിയും നിലച്ചിരിക്കുകയാണ്. വൈദ്യുതനിലയങ്ങള്‍ അടച്ചുപൂട്ടിയതിനാല്‍ ദിവസം ഏഴര മണിക്കൂറാണ് ശ്രീലങ്കയില്‍ പവര്‍കട്ട്.
പുറത്തേക്ക് വിദേശനാണ്യമായി രാജ്യത്തെ പണം പോകാതിരിക്കാന്‍ അവശ്യവസ്തുക്കളുടെയും ആഡംബരവസ്തുക്കളുടെയും ഇറക്കുമതി നിരോധിച്ചിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ നിലവില്‍ ചില പഴങ്ങളും പാലുമടക്കമുള്ളവയുടെ ഇറക്കുമതി സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. രാജ്യം കടുത്ത ഭക്ഷ്യ ക്ഷാമത്തിലാണ്.
ഈ അടുത്ത കാലത്തായി ശ്രീലങ്കയില്‍ കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണയം ആ വഴിക്ക് ചെലവായിത്തുടങ്ങി. കൊവിഡ് പ്രതിസന്ധിയിയെത്തിയതോടെ വിദേശനാണയ ശേഖരം തീരുന്ന അവസ്ഥയുമുണ്ടായി. ഏഴ് ലക്ഷം കോടി ഡോളറോളമാണ് രാജ്യത്തെ വിദേശകടം. 2020 മാര്‍ച്ചില്‍ ആരംഭിച്ച പ്രതിസന്ധി 2021 നവംബറോടെയാണു രൂക്ഷമായത്.