ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്രാവിലക്ക് ഇന്നവസാനിക്കും
ബ്രിസ്ബന്‍: കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താത്ക്കാലിക വിലക്ക് ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. വാണിജ്യാടിസ്ഥാനത്തിലുള്ള വിമാനങ്ങളുടെ യാത്രയും നേരത്തെ ചാര്‍ട്ട് ചെയ്തതനുസരിച്ച് പുനരാരംഭിക്കും. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ശന പരിശോധനകള്‍ നടത്തിയായിരിക്കും യാത്ര. ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഓസ്ട്രേലിയയിലെ കൊവിഡിന്റെ മൂന്നാം തരംഗത്തെ തടയാന്‍ സാധിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് രണ്ടാം തരഗം ഇന്ത്യയില്‍ രൂക്ഷമായതോടെ മെയ് 3 മുതലാണ് വിമാനയാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളുമായി വിമാനം പുറപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആയിരം വെന്റിലേറ്ററുകളും 43 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും കയറ്റി അയച്ചിരുന്നു. വിലക്ക് നീക്കിയെങ്കിലും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയവര്‍ക്ക് മാത്രമേ യാത്രയ്ക്ക് അനുമതിയുള്ളൂ. കൊവിഡ് വ്യാപിച്ച് തുടങ്ങിയ ഘട്ടത്തില്‍ ഇന്ത്യയിലുള്ള ഇരുപതിനായിരത്തോളം ഓസ്ട്രേലിയന്‍ പൗരന്മാരെ തിരികെ എത്തിച്ചിരുന്നു.