ആര്‍ബിഐ വായ്പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കിര്‍ മാറ്റില്ല
ന്യൂഡെല്‍ഹി: പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയ്ക്ക് റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശയായ റിപ്പോനിരക്ക് നാല് ശതമാനമായി തുടരും. റിസര്‍വ് ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് ആര്‍ബിഐ നല്‍കുന്ന പലിശനിരക്കായ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് അസാധാരണമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എങ്കിലും രാജ്യത്ത് ആവശ്യകത വര്‍ധിച്ചുവരുന്നതില്‍ ആര്‍ബിഐ പ്രതീക്ഷ പ്രകടിപ്പിച്ചു. തുടര്‍ച്ചയായ ആറാമത്തെ പണവായ്പ നയ സമിതി യോഗത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്താതെയുള്ള പ്രഖ്യാപനം ആര്‍ബിഐ നടത്തിയത്. വിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ ആര്‍ബിഐ എത്തിയത്. 2020 മേയ് മാസത്തിലാണ് ഇതിന് മുമ്പ് ആര്‍ബിഐ പലിശനിരക്കില്‍ മാറ്റം വരുത്തിയത്.