കല്‍പ്പറ്റ: ബാണാസുര അണക്കെട്ടില്‍ പതിനഞ്ച് സെന്റീമീറ്റര്‍ കൂടി വെള്ളം ഉയര്‍ന്നാല്‍ റെഡ് അലേര്‍ട്ട് നല്‍കും. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയര്‍ന്നാലാണ് ഷട്ടറുകള്‍ തുറക്കുക. 772.85 മീറ്ററാണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസം തന്നെ ജില്ലകലക്ടര്‍ അടക്കമുള്ളവര്‍ ഡാമിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചിരുന്നു.
ബാണാസുര ഡാം തുറക്കുന്നപക്ഷം വെള്ളം കടന്നുപോകുന്ന കടമാന്‍ തോട് അടക്കമുള്ള ജലാശയങ്ങളുടെ തീരങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അണക്കെട്ടുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രണ്ട് സാഹചര്യങ്ങളിലാണ് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത്.ഒന്ന് ഡാമുകളില്‍ അനുവദനീയ ലെവലില്‍ കൂടുതല്‍ വെള്ളം എത്തുമ്പോള്‍. അങ്ങനെ എത്തുന്ന അധികജലം തുറന്ന് വിടുന്ന കാര്യം പൊതുജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണ് അലേര്‍ട്ട്. രണ്ടാമത്തേത് ഡാം തകരുന്ന സാഹചര്യമുണ്ടായാല്‍ അക്കാര്യം ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണ്. രണ്ടാമത്തേത് വളരെ അപൂര്‍വ്വമാണ്. കേരളത്തില്‍ ഇതുവരെ ഇത്തരത്തിലുള്ള അലേര്‍ട്ട് പ്രഖ്യാപിക്കേണ്ടി വന്നിട്ടില്ല.