ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം


ദില്ലി: ദീപാവലിക്ക് പിറ്റേന്ന് ദില്ലിയിലും പ്രാന്തപ്രദേശങ്ങളും കടുത്ത മൂടല്‍മഞ്ഞ് പോലുള്ള പുക കൊണ്ട് മൂടിയ നിലയിലാണ്. സംസ്ഥാനസര്‍ക്കാര്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ട് പോലും അര്‍ദ്ധരാത്രി വരെ ആളുകള്‍ പടക്കം പൊട്ടിക്കുന്നത് തുടര്‍ന്നു. കേന്ദ്രമലിനീകരണ നിയന്ത്രണബോര്‍ഡ് പുറത്തുവിട്ട കണക്ക് പ്രകാരം ദില്ലിയിലെ എല്ലാ വായുമലിനീകരണനിരീക്ഷണകേന്ദ്രങ്ങളിലും വായുനിലവാരസൂചിക (Air Quality Index) 450-ന് മുകളിലാണ്. സ്ഥിതി ഗുരുതരമെന്നര്‍ത്ഥം.

വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് തന്നെ ദില്ലിയിലെ വായുഗുണനിലവാര സൂചിക 382-ല്‍ എത്തിയിരുന്നു. രാത്രി 8 മണിയോടെ ഇത് ഗുരുതരാവസ്ഥയിലെത്തി. തണുപ്പും, കാറ്റിന്റെ വേഗതക്കുറവും മലിനീകരണത്തോത് കൂട്ടി. ഫരീദാബാദ് (424), ഗാസിയാബാദ് (442), ഗുഡ്ഗാവ് (423), നോയ്ഡ (431) എന്നിവിടങ്ങളില്‍ രാത്രി 9 മണിയോടെ സ്ഥിതി ഗുരുതരമായി. ഇന്നും ദില്ലിയിലും സമീപപ്രദേശങ്ങളിലും വായുഗുണനിലവാരം താഴ്ന്ന് തന്നെ തുടരുമെന്ന് 'സഫര്‍' (System of Air Quality and Weather Forecasting And Research) മുന്നറിയിപ്പ് നല്‍കുന്നു. 

വായുഗുണനിലവാരസൂചിക 301 മുതല്‍ 400 വരെയായാല്‍ വളരെ മോശം സ്ഥിതിയെന്നും, 401 മുതല്‍ 500 വരെ ഗുരുതരാവസ്ഥയെന്നുമാണ് മലിനീകരണനിയന്ത്രണബോര്‍ഡിന്റെ കണക്ക്. 

ഒക്ടോബര്‍ 27 മുതല്‍ ദീപാവലിക്ക് മുന്നോടിയായി ദില്ലി സര്‍ക്കാര്‍ 'പടക്കമല്ല, ദീപങ്ങള്‍ തെളിയിക്കൂ' എന്ന പ്രചാരണപരിപാടിയടക്കം തുടങ്ങിയിരുന്നു. പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ എക്‌സ്‌പ്ലോസീവ്‌സ് ആക്ടും മറ്റ് ഐപിസി ചട്ടങ്ങളും പ്രകാരം കേസെടുക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതുവരെ സര്‍ക്കാര്‍ 13,000 കിലോ അനധികൃത പടക്കങ്ങള്‍ പിടിച്ചെടുക്കുകയും 33 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

ഹരിയാനയടക്കമുള്ള സമീപസംസ്ഥാനങ്ങളില്‍ വയലുകളില്‍ വിളവെടുപ്പ് കഴിഞ്ഞ് വ്യാപകമായി വൈക്കോല്‍ കത്തിക്കുമ്പോള്‍ ദില്ലിയിലടക്കം വായുമലിനീകരണത്തോത് കുത്തനെ കൂടാറുണ്ട്. വ്യാഴാഴ്ച രാവിലെത്തന്നെ ദില്ലിയിലെ വായുനിലവാരസൂചിക വളരെ മോശം അവസ്ഥയിലേക്ക് മാറി. തണുപ്പുകാലത്തിന് മുന്നോടിയായി ആദ്യത്തെ മഞ്ഞ് മൂടിയ രാവിലെയായിരുന്നു വ്യാഴാഴ്ച. 

പടക്കങ്ങള്‍ പൊട്ടിച്ചില്ലെങ്കില്‍ പോലും ദില്ലിയിലെ വായുനിലവാര സൂചിക ഗുരുതരാവസ്ഥയിലേക്ക് പോകുമെന്ന് 'സഫര്‍' മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പടക്കം പൊട്ടിക്കുക കൂടി ചെയ്തത് സ്ഥിതി വഷളാക്കി. വായുനിലവാരസൂചിക അതീവഗുരുതരമായ സ്ഥിതിയിലേക്ക്, അതായത് 500- മാര്‍ക്കിന് മുകളിലേക്ക് പോകാമെന്നാണ് പ്രവചനം. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media