മുപ്പത് മണിക്കൂറിനിടെ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം അഞ്ച് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ക്ക് ശക്തമായി തിരിച്ചടി നല്‍കി സൈന്യം. ലഷ്‌ക്കര്‍ കമാന്‍ഡര്‍ അടക്കം അഞ്ച്ഭീകരരെ സൈന്യം വധിച്ചു. ദില്ലിയില്‍ സ്‌ഫോടനത്തിന് ലക്ഷ്യമിട്ട് എത്തിയ പാക് ഭീകരനും ഇന്ന് പിടിയിലായി. ഇതിനിടെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിലുള്‍പ്പടെ അമ്പത് ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് പുരോഗമിക്കുകയാണ്
ഇന്നലെ പൂഞ്ചിലെ വനമേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ എച്ച് വൈശാഖ് അടക്കം അഞ്ച് പേര്‍ മരണപ്പെട്ടിരുന്നു. ഇതോടെ തെരച്ചില്‍ വ്യാപകമാക്കിയ സൈന്യം കഴിഞ്ഞ മുപ്പത് മണിക്കൂറില്‍ അഞ്ച് ഏറ്റുമുട്ടലുകള്‍ നടത്തിയാണ് ലഷ്‌ക്കര്‍ കമാന്‍ഡര്‍ അടക്കം അഞ്ച് ഭീകരരെ വധിച്ചത്.
ഷോപ്പിയാനിലെ തുല്‍റാന്‍ ഗ്രാമത്തിലെ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ വധിച്ചത്. ലഷ്‌ക്കര്‍ കമാന്‍ഡര്‍ മുക്താര്‍ ഷായെ അടക്കം വധിച്ചെന്ന് സുരക്ഷ സേന അറിയിച്ചു. ദി റെസിസ്‌ററന്‍സ് ഫ്രണ്ട് എന്ന പേരില്‍ ലഷ്‌ക്കര്‍ യൂണിറ്റിന് ഇയാള്‍ നേത്യത്വം നല്‍കിയിരുന്നത്. അടുത്തിടെ നാട്ടുകാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ഷോപ്പിയാനിലെ ഫിരിപ്പോരിയില്‍ നടന്ന ഏറ്റുമുട്ടിലിലാണ് നാലാമത്തെ ഭീകരനെ വധിച്ചത്. ഇവിടെ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
പൂഞ്ചിലെ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച് മലയാളി സൈനികന്‍ വൈശാഖ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സൈന്യം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രജൗരിയില്‍ നടന്ന ചടങ്ങില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ദില്ലിയിലെ ലക്ഷ്മി നഗറിലെ രമേശ് പാര്‍ക്കില്‍ നിന്നാണ് ഒരു പാക് ഭീകരനെ സെപ്ഷ്യല്‍ സെല്‍ പിടികൂടിയത്. പാകിസ്താനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്‌റഫാണ് പിടിയിലായത്. ഇന്ത്യന്‍ പൗരനാണെന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ താമസിച്ചിരുന്നത്. എ.കെ. 47 തോക്കും ഒരു ഹാന്‍ഡ് ഗ്രനേഡും രണ്ട് പിസ്റ്റലും വെടിയുണ്ടകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ജമ്മു കശ്‌നീരിലെ പതിനാറ് ഇടങ്ങളില്‍ ഭീകരരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നുണ്ട്. നിലമ്പൂരിലെ മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇരുപത് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ?ഗുജറാത്തിലെ മുദ്ര തുറമുഖത്തില്‍ നിന്ന്‌ഹെറോയിന്‍ പിടികൂടിയ കേസിലാണ് ദില്ലി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പരിശോധന. പരിശോധനയുടെ മറ്റു വിവരങ്ങള്‍ എന്‍ഐഎ പുറത്ത് വിട്ടില്ല.