കൊച്ചി പുറങ്കടലിലെ മയക്കുമരുന്ന് കടത്ത്: പാക് ബോട്ട് ലക്ഷ്യമിട്ടത് ലക്ഷദ്വീപും ശ്രീലങ്കയും
 


കൊച്ചി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നും 25000കോടി രൂപയുടെ മയക്കുരുന്ന് പിടികൂടിയ കേസില്‍, പാക് ബോട്ട് ലക്ഷ്യം വച്ചത് ലക്ഷദ്വീപും ശ്രീലങ്കയുമെന്ന് കണ്ടെത്തല്‍. നാവികസേന പിന്തുടര്‍ന്നതോടെ അന്താരാഷട്ര കപ്പല്‍ ചാലിലേക്ക് ബോട്ട് വഴി മാറ്റുകയായിരുന്നു. മുക്കിയ കപ്പലില്‍ നാല് ടണ്‍ മയക്കുമരുന്ന് ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണോ അല്ല അന്താരാഷ്ട്ര കപ്പല്‍ ചാലിലാണോ മുക്കിയതെന്ന് പരിശോധിക്കുന്നുണ്ട്. ഹാജി സലീം നെറ്റ്വര്‍ക്കാണ് പിന്നിലെന്ന് എന്‍സിബി ശരിവെക്കുന്നു. എന്നാല്‍ ഇന്ത്യയിലെ കണ്ണികളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 

കേസില്‍ റിമാന്‍ഡിലായ പാക്ക് പൗരന്‍ സുബൈറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് അപേക്ഷ നല്‍കും. ഇന്നലെ മട്ടാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പാക്ക് പൗരന്‍ സുബൈറിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നതായും വിവരമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കപ്പലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കായുള്ള അന്വേഷണവും ഊര്‍ജജിതമാണ്. മയക്കുമരുന്നു കടത്തില്‍ തീവ്രവാദ ബന്ധം കണ്ടെത്താന്‍ എന്‍ഐഎയും അന്വേഷണത്തിന്റെ ഭാഗമാകും.


ഇറാനില്‍ നിന്നും പാക്കിസ്ഥാന്‍ വഴി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടന്ന ബോട്ടില്‍ നിന്നാണ് 25000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയത്. ഈ ബോട്ടില്‍ നിന്നും പിടിയിലായ പാക്ക് സ്വദേശി സുബൈര്‍ ദെറക്ഷായെ ചോദ്യം ചെയ്തതില്‍ പാക്ക് ബന്ധങ്ങള്‍ വ്യക്തമായിട്ടുണ്ട്. ഇന്ത്യന്‍ നേവിയും എന്‍സിബിയും കണ്ടെത്തിയതിലും ഇരട്ടിയിലേറെ അളവില്‍ മയക്കുമരുന്ന് വിവിധ ബോട്ടുകളിലായി ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണക്കാക്കുന്നുണ്ട്. മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ച മദര്‍ഷിപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം.

മയക്കുമരുന്നിന്റെ ഉറവിടം ഇറാന്‍-- പാക്കിസ്ഥാന്‍ ബെല്‍റ്റ് തന്നെയെന്ന് ഉറപ്പിക്കുമ്പോഴും ഇന്ത്യയില്‍ കണ്ണികളാരൊക്കെ എന്നതാണ് അന്വേഷണത്തിലെ അടുത്ത ഘട്ടം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പാക്ക് ബോട്ടില്‍ നിന്നും രക്ഷപ്പെട്ട ആറ് പേര്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ട്. പാക്കിസ്ഥാന്‍ ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കാന്‍ എന്‍ഐഎയും കേസില്‍ ഭാഗമായത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media