കൊവിഡ് വാക്‌സിനുകളുടെ ജിഎസ്ടി ഒഴിവാക്കിയേക്കും
ദില്ലി: ഇറക്കുമതി തീരുവയ്ക്ക് പിന്നാലെ കൊവിഡ് വാക്‌സിനുകളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി)യും സര്‍ക്കാര്‍ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്റെ വില കുറച്ച് പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. നിലവില്‍ കൊവിഡ് വാക്‌സിനുകള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടിയാണ് നല്‍കേണ്ടത്.
നേരത്തെ കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളും വാക്സിനുകളും നിര്‍മ്മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല. നികുതി ഒഴിവാക്കുന്നതിന് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതിയും ആവശ്യമാണ്.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന കൊവിഷീല്‍ഡിന്റെ വില ഒരു ഡോസിന് 300 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 400 രൂപയുമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആദ്യം 400 രൂപയ്ക്കായിരുന്നു സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ടതോടെ വില 300 രൂപയാക്കി കുറയ്ക്കുകയായിരുന്നു. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കാണ് നല്‍കുക. സ്വകാര്യ ആശുപത്രികളില്‍ 1,200 രൂപയുമാണ് വില.