ഐബിഎമ്മിന്റെ അത്യാധുനിക ഡെവലപ്പ്‌മെന്റ് സെന്റര്‍ കൊച്ചിയില്‍ ആരംഭിക്കുന്നു.
ആഗോള ഐ.ടി ഭീമനായ ഐബിഎമ്മിന്റെ അത്യാധുനിക ഡെവലപ്പ്‌മെന്റ് സെന്റര്‍ കൊച്ചിയില്‍ ആരംഭിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സടക്കമുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന സോഫ്റ്റ്വെയര്‍ ലാബുകളാണ് ആരംഭിക്കുന്നത്. കമ്പനിയുടെ ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയശേഷം മുഖ്യമന്ത്രിയാണ് ഫെയ്‌സ്ബുക്കിലൂടെ ഐബിഎമ്മിന്റെ വരവറിയിച്ചത്. ഐബിഎം ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ സന്ദീപ് പട്ടേല്‍, സോഫ്റ്റ് വെയര്‍ ലാബ് വൈസ് പ്രസിഡന്റ് ഗൗരവ് ശര്‍മ എന്നിവരുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയത്. ഐബിഎമ്മിന്റെ വരവ് കേരളത്തിന്റെ ഐ.ടിമേഖലയുടെ കുതിപ്പിന് മുഖ്യ പങ്കുവഹിക്കുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഐബിഎം അഥവാ ഇന്റര്‍നാഷണല്‍ ബിസിനസ് മെഷിന്‍സ് കോര്‍പറേഷന്‍ യു.എസിലെ ന്യൂയോര്‍ക്കില്‍ നിന്ന് തുടക്കം കുറിച്ച്
171 രാജ്യങ്ങളില്‍ വേരുറപ്പിച്ചിരിക്കുന്ന മള്‍ട്ടി നാഷണല്‍ ടെക്‌നോളജി കമ്പനിയാണ്.
കംപ്യൂട്ടര്‍ ഹാഡ്വെയറുകളും, മിഡില്‍വെയറുകളും, സോഫ്റ്റ്വെയറുകളും നിര്‍മ്മിക്കുന്ന ഐ.ബി.എം ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹൈബ്രിഡ് ക്ലൗഡ് സാങ്കേതിക വിദ്യകളില്‍ മികവുറ്റ പരീക്ഷണങ്ങളിലാണ്. ഇതിനാവശ്യമായ അത്യാധുനിക സെന്ററാണ് കൊച്ചിയില്‍ ആരംഭിക്കുന്നത്. ഡേറ്റപ്രോസസിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ പുതിയ ഉല്‍പനങ്ങള്‍ കൊച്ചിയില്‍ നിര്‍മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.