ഇന്‍ഷുറന്‍സ് പോളിസികളും ഡിജിലോക്കറിലൂടെ
കോഴിക്കോട്: ഡിജിലോക്കര്‍ വഴി ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇന്‍ഷുറന്‍സ് മേഖലയില്‍ ഡിജിലോക്കര്‍ പ്രോത്സാഹിപ്പിക്കുന്നത് പോളിസി ഉടമകള്‍ക്ക് അവരുടെ എല്ലാ പോളിസി ഡോക്യുമെന്റുകളും സുരക്ഷിതമായി സൂക്ഷിയ്ക്കാന്‍ സഹായകരമാകും.
റീട്ടെയില്‍ പോളിസി ഉടമകള്‍ക്ക് ഡിജിലോക്കറിനെക്കുറിച്ചും സംവിധാന എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചും ഇന്‍ഷുറന്‍സ് കമ്പനികള്‍ നിര്‍ദേശം നല്‍കണമെന്നും ഐആര്‍ഡിഎഐ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പോളിസി ഹോള്‍ഡര്‍മാര്‍ക്ക് മറ്റ് എല്ലാ ഡോക്യുമെന്റുകളും പോലെ തന്നെ അവരുടെ പോളിസികളും ഡിജിലോക്കറില്‍ സൂക്ഷിയ്ക്കാം. നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്‍ ഇതിന് ആവശ്യമായ സാങ്കേതിക സഹായം നല്‍കും.
ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള ഒരു സംരംഭമാണ് ഡിജിലോക്കര്‍. മാര്‍ക്ക് ലിസ്റ്റുകള്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നു വേണ്ട നിങ്ങള്‍ക്ക് ആവശ്യമായ എല്ലാ രേഖകളും ഡിജിറ്റലായി ഈ പ്ലാറ്റ്‌ഫോമില്‍ സൂക്ഷിക്കാം. രേഖകളുടെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല.
ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ് ഫോമിലാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഡിജി ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ ഏതവസരത്തിലും പ്രയോജനപ്പെടും. രേഖകളുടെ പകര്‍പ്പുകള്‍ എളുപ്പത്തില്‍ എവിടെയും ലഭ്യമാക്കുന്നതിനും ഡിജിറ്റല്‍ സംവിധാനം ഉപകരിക്കും.
ഡിജി ലോക്കര്‍ എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം.
ഇതിനായി https://digilocker.gov.in/ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
സെന്‍ അപ്പ് വിത്ത് യുവര്‍ മൊബൈല്‍ നമ്പര്‍ എന്ന കോളത്തില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക.
നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന ഒടിപി നല്‍കി ഒരു യൂസര്‍വേഡും പാസ് വേഡും സെറ്റ് ചെയ്യുക.
ഇങ്ങനെ ഡിജി ലോക്കര്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനാകും. കൂടുതല്‍ സേവനങ്ങള്‍ക്ക് ഡിജി ലോക്കര്‍ അക്കൗണ്ടില്‍ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യണം.