ഫേസ്ബുക്കിന് പേരുമാറ്റം; പുതിയ പേര് 'മെറ്റ'


കാലിഫോര്‍ണിയ: മാതൃ കമ്പനിയുടെ പേരില്‍ മാറ്റം വരുത്തിയതായി ഫേസ്ബുക്ക്. മെറ്റ (Meta) എന്നാണ് കമ്പനിക്ക് നല്‍കിയിരിക്കുന്ന പുതിയ  പേര്. അതേസമയം നിലവില്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരില്‍ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.

കമ്പനിയുടെ മാര്‍ക്കറ്റ് പവര്‍, അല്‍ഗരിതം തീരുമാനങ്ങള്‍, അതിന്റെ പ്ലാറ്റ്ഫോമുകളിലെ ദുരുപയോഗങ്ങളുടെ പൊലീസിങ് നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ട് മാതൃസ്ഥാപനത്തിന് ബാധ്യതയുണ്ടാക്കുന്നത് തടയാനാണ് മാറ്റമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു. ഫേസ്ബുക്കോ മറ്റ് ആപ്ലിക്കേഷന്‍ സേവനങ്ങളെയോ സംബന്ധിച്ച  കേസുകളും മറ്റും ഉടമസ്ഥ കമ്പനിയെ നേരിട്ട് ബാധിക്കാതിരിക്കാനാണ് പുതിയ തീരുമാനം.

കമ്പനിയുടെ  വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റി കോണ്‍ഫറന്‍സ് തത്സമയ സ്ട്രീമിങ്ങില്‍, പുതിയ പേര് മെറ്റാവേര്‍സ് നിര്‍മ്മിക്കുന്നതിലെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍, തങ്ങളുടെ ബ്രാന്‍ഡിന്റെ പേര് ഒരു ഉല്‍പ്പന്നത്തിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുകയാണ്. അത് നമ്മള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും പ്രതിനിധീകരിക്കുന്നത് നിലവിലും ഭാവിയിലും ആശാസ്യമല്ല.

ഈ മാറ്റം തങ്ങളുടെ വ്യത്യസ്ത ആപ്ലിക്കേഷനുകളും സാങ്കേതികവിദ്യകളും ഒരു പുതിയ ബ്രാന്‍ഡിന് കീഴില്‍ കൊണ്ടുവരും. അതേസമയം അതിന്റെ കോര്‍പ്പറേറ്റ് ഘടനയില്‍ മാറ്റം വരുത്തില്ലെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.  കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്ത് കമ്പനി ഒരു പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു. തംബ് അപ്പ്  ലോഗോയ്ക്ക് പകരം നീല ഇന്‍ഫിനിറ്റി ഷേപ്പ് നല്‍കുന്ന മെറ്റ എന്നെഴുതിയതാണ് മാതൃകമ്പനിയുടെ പുതിയ ലോഗോ.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ഡിസ്റ്റോപ്പിയന്‍ നോവലില്‍ ആദ്യമായി ഉരുത്തിരിഞ്ഞതാണ് മെറ്റാവേഴ്‌സ് എന്ന പദം.  വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് എത്തിപ്പെടല്‍ സാധ്യമാകുന്ന, പങ്കുവയ്ക്കപ്പെടുന്ന വെര്‍ച്വല്‍ പരിതസ്ഥിതി എന്ന ആശയത്തെയാണ് മെറ്റാവേഴ്‌സ്  വിശാലമായി പ്രതിനിധീകരിക്കുന്നത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media