ആര്‍.എസ്.എസ് ചായ്വുള്ളവര്‍ക്ക് നിര്‍ണായക ചുമതല; പൊലീസ് അസോസിയേഷനെതിരെ കോടിയേരി
കൊച്ചി: പൊലീസിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസില്‍ നിര്‍ണായക ചുമതലകള്‍ കൈയാളാന്‍ ആര്‍.എസ്.എസ് - യു.ഡി.എഫ് ചായ്വുള്ളവരുടെ ശ്രമം നടക്കുകയാണ്. പൊലീസ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് പേഴ്‌സണല്‍ സ്റ്റാഫിലേക്ക് പോകാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പൊലീസില്‍ 40% ആര്‍.എസ്.എസ് - യു.ഡി.എഫ് ചായ്വുള്ളവരാണെന്ന് പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടി നല്‍കുകയായിരുന്നു കോടിയേരി. സ്റ്റേഷനിലെ റൈറ്റര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക സ്ഥാനങ്ങള്‍ വഹിക്കുന്നത് ആര്‍.എസ്.എസ് ആണ്. പൊലീസ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് പോകാനും സ്‌പെഷ്യല്‍ ബ്രാഞ്ച് പോലെ ആയാസം കുറഞ്ഞ ജോലിയിലേക്ക് പോകാനുമാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിലില്‍ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ എല്‍.ഡി.എഫ് തളരില്ല. പദ്ധതിയുമായി മുന്നോട്ട് പോകും. ശാസ്ത്രസാഹിത്യ പരിഷത്ത് പാര്‍ട്ടിയുടെ പോഷക സംഘടനയല്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്തിന് സംശയങ്ങള്‍ ഉണ്ടെങ്കില്‍ അവരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.
ആരും ആരെയും ചാരി നില്‍ക്കേണ്ട. ചുറ്റും വലയമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. വിഭാഗീയത പുലര്‍ത്തി അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നഷ്ടപ്പെടരുത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പാര്‍ട്ടി നേതാവ് വരുന്നത് ആദ്യമല്ല. പി.കെ ചന്ദ്രാനന്ദന്റെ പേര് പരാമര്‍ശിച്ചായിരുന്നു കോടിയേരിയുടെ മറുപടി.