ടി.പത്മനാഭന്റെ ജീവിതം പറയുന്ന കെ.പി. സജീവന്റെ 'കഥമരത്തണലില്‍' പുസ്തകം പുറത്തിറങ്ങി. കണ്ണൂരിലെ സാധാരണക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ രാമചന്ദ്രനിലൂടെ ടി.പത്മനാഭാനെന്ന കഥയച്ഛന്റെ ജീവിതം പറയുകയാണ് കേരളകൗമുദി കോഴിക്കോട് യൂണിറ്റിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റുമായ കെ.പി.സജീവന്‍. കണ്ണൂര്‍ പോലീസ് മൈതാനിയിലെ ഗ്രന്ഥശാല പുസ്തകോത്സവ വേദിയില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പുസ്തകം പ്രകാശനം ചെയ്തു. രാമചന്ദ്രന്‍ ഏറ്റുവാങ്ങി. ടി.പത്മനാഭന്‍ മുഖ്യാതിഥിയായിരുന്നു.
കഴിഞ്ഞ 30വര്‍ഷമായി ടി.പത്മാനാഭന്റെ നിഴലും സഹായിയുമായി കൂടെയുള്ള രാമചന്ദ്രനിലൂടെ ആത്മകഥയെഴുതാത്ത, ജീവചരിത്രമെഴുതാത്ത, യാത്രാ വിവരണമെഴുതാത്ത ടി.പത്മനാഭനെന്ന മഹാമേരുവിലേക്ക് ഇറങ്ങിചെല്ലുന്നതാണ് പുസ്തകം. പത്മനാഭന്റെ ജീവിതത്തിലെ ചെറുതും വലുതുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളിലൂടെ പുസ്തം സഞ്ചരിക്കുന്നുണ്ട്. പത്മനാഭ സന്നിധിയിലെ കലഹങ്ങള്‍, പിണക്കങ്ങള്‍, സങ്കടങ്ങള്‍, ഉഗ്രകോപങ്ങള്‍...അങ്ങനെ എല്ലാം പുസ്തകം അടയാളപ്പെടുത്തുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിപണിക്കരാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. ലിപി പബ്ലിക്കേഷനാണ് പ്രസാധകര്‍.