ഗ്രാമത്തില്‍ വിരുന്നെത്തിയ കടുവാകുഞ്ഞുങ്ങള്‍
 കാണാം  ആന്ധ്ര ഗ്രാമത്തിലെ വിശേഷം 


 



കാടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ വന്യമൃഗങ്ങളെ കാണുന്നത് സാധാരണമാണ്. ചിലയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യവും ഇത്തരത്തില്‍ രൂക്ഷമാകാറുണ്ട്. എന്നാല്‍ വന്യമൃഗങ്ങളില്‍ തന്നെ കുഞ്ഞുങ്ങളെ ജനവാസമേഖലകളില്‍ കാണാന്‍ പ്രയാസമാണ്. കുഞ്ഞുങ്ങളാകുമ്പോള്‍ അവര്‍ക്ക് ജനവാസമേഖലകളില്‍ ചെന്നെത്തുമ്പോള്‍ അപകടം സംഭവിച്ചാലോ എന്ന കരുതല്‍ മൃഗങ്ങള്‍ക്കുണ്ടായിരിക്കും. അതിനാല്‍ തന്നെ കുഞ്ഞുങ്ങളെ ഇത്തരം മേഖലകളില്‍ കാണുന്നത് വിരളമാണ്.
എന്നാല്‍ ഇപ്പോഴിതാ ആന്ധ്രയിലെ കുര്‍ണൂലില്‍ ഗുമ്മാദപുരം എന്ന ഗ്രാമത്തില്‍ ഒരു വീട്ടുവളപ്പില്‍ നാല് കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയതാണ് ഏറെ കൗതുകം പകരുന്നൊരു വാര്‍ത്ത. മാസങ്ങള്‍ മാത്രം പ്രായമുള്ള കടുവക്കുഞ്ഞുങ്ങളാണിത്. അമ്മയില്ലാതെ സാധാരണനിലയില്‍ ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് അതിജീവിക്കാന്‍ സാധിക്കില്ല.

അങ്ങനെ എന്തെങ്കിലും അപകടത്തിന് പിന്നാലെയാകാം കുഞ്ഞുങ്ങള്‍ ഒറ്റപ്പെട്ടത് എന്ന നിഗമനത്തിലാണിപ്പോള്‍ വനം വകുപ്പ്. അതേസമയം തള്ളക്കടുവയ്ക്ക് ജീവന് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും അതിന്റെ ശബ്ദം കുഞ്ഞുങ്ങളെ കണ്ടെത്തിയ പ്രദേശത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ പലപ്പോഴായി കേട്ടിട്ടുണ്ടെന്നും, അതിനര്‍ത്ഥം കുഞ്ഞുങ്ങളെ തിരിച്ചെടുക്കാന്‍ അമ്മ ശ്രമിക്കുന്നുണ്ടെന്നുമാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനുള്ള സൗകര്യമൊരുക്കാനാണ് ഇവരുടെ ശ്രമവും.

വീട്ടുവളപ്പില്‍ കടുവക്കുഞ്ഞങ്ങളെ കണ്ടെത്തിയത് ആദ്യം പരിഭ്രാന്തി പരത്തിയെങ്കിലും പിന്നീട് ഗ്രാമത്തിലുള്ളവര്‍ക്ക് അതൊരത്ഭുതമായി. അവര്‍ കുട്ട കൊണ്ട് മൂടി കുഞ്ഞുങ്ങളെ പിടികൂടി ഒരൊഴിഞ്ഞ വീടിന്റെ മുറിയിലേക്ക് സുരക്ഷിതമായി മാറ്റിയിരിക്കുകയാണ്. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. 

ഈ പ്രായത്തില്‍ കാട്ടിലെ സ്വാഭാവിക പരിസ്ഥിതിയിലേക്ക് തന്നെ വിട്ടില്ലെങ്കില്‍ കടുവക്കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. അതുകൊണ്ട് തന്നെ തള്ളക്കടുവ കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് പോകുന്നതിനുള്ള സൗകര്യമൊരുക്കി ഇതിനായി കാത്തിരിക്കുകയാണ് ഏവരും. 

'എങ്ങനെയാണ് കുഞ്ഞുങ്ങള്‍ അവിടെ ഒറ്റപ്പെട്ടത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒരുപക്ഷേ നായ്ക്കളുടെ സംഘം തള്ളക്കടുവെയ ഓടിച്ചതൊക്കെയാകാം കുഞ്ഞുങ്ങളെ അത് ഇവിടെ ഉപേക്ഷിക്കാന്‍ കാര്യം. ഇതൊക്കെയാണ് സാധ്യത. പ്രോട്ടോക്കോള്‍ അനുസരിച്ച് തന്നെയാണ് കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്നത്. നാല് കുഞ്ഞുങ്ങളെയും സുരക്ഷിതമായി കാട്ടിലേക്ക് തിരികെയെത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്...'- അഡീഷണല്‍ പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ശാന്തിപ്രിയ പാണ്ഡെ പറയുന്നു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media