ബ്ലാക്കും വൈറ്റും മാത്രമല്ല, തൊട്ട് പിറകെ യെല്ലോ ഫംഗസും
കൊവിഡ് ഭേദമായവരില്‍ ബ്ലാക്ക്, വൈറ്റ് ഫംഗസുകള്‍ ബാധിക്കുന്നത് ജനങ്ങളില്‍ തികഞ്ഞ അരക്ഷിതാവസ്ഥ സൃഷ്ടിച്ച സാഹചര്യത്തിലാണ് എല്ലാവരും. അതിനിടെ കൂടുതല്‍ അപകടഭീതി പരത്തി യെല്ലോ ഫംഗസും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലാണ് രാജ്യത്താദ്യമായി യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. സാധാരണ ഉരഗ വര്‍ഗ്ഗങ്ങളിലാണ് ഈ രോഗം കണ്ടുവരാറുള്ളത്.
ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവ ഏകദേശം 8000 ല്‍ അധികം പേരെ ബാധിക്കുകയും മരണ സംഖ്യ കൂടുന്ന സാഹചര്യവും രൂക്ഷമാകുമ്പോള്‍ പുതുതായി തിരിച്ചറിഞ്ഞ യെല്ലോ ഫംഗസ് കൂടുതല്‍ ആശങ്കയുണ്ടാക്കുകയാണ്.
മറ്റ് രണ്ട് അണുബാധകളില്‍ നിന്ന് വ്യത്യസ്തമാണ് യെല്ലോ ഫംഗസ് അണുബാധ. ഇത് ബാധിക്കുന്നതോടെ ശരീരത്തിലെ ആന്തരികവായവങ്ങളെ വലിയ തോതില്‍ ബാധിക്കുന്നു. ആന്തരിക രക്തസ്രാവമുണ്ടാകാന്‍ കാരണമാകുന്നതിനാല്‍ ഇത് മരണസംഖ്യ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
മറ്റ് രണ്ട് അണുബാധകളും പുറമേ നിന്ന് ശരീരത്തിലേയ്ക്ക് കയറുന്നുവെങ്കില്‍ യെല്ലോ ഫംഗസ് ശരീരത്തിന് അകത്തു തന്നെയാണ് രൂപം കൊള്ളുന്നത്. ശേഷം ഇത് മറ്റ് അവയവങ്ങളെ ഗുരുതരമായി ബാധിക്കുന്നു. ഈ രോഗം ബാധിച്ചവരില്‍ മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസമെടുക്കും. തുടക്കത്തില്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ പല അവയവങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കും. ഇത് അക്യൂട്ട് നെക്രോസിസ് പോലുള്ള ഗുരുതരാവസ്ഥയിലേക്ക് നയിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ.
വ്യക്തി ശുചിത്വമില്ലായ്മയാണ് ഈ അണുബാധയുടെ പ്രധാന കാരണം. മലിനമായ സാഹചര്യങ്ങളില്‍ ഇടപഴകുന്നതും വൃത്തിഹീനമായ ആഹാര സാധനങ്ങള്‍ കഴിക്കുന്നതും യെല്ലോ ഫംഗസ് ബാധിയ്ക്കാന്‍ കാരണമാകും. ഇത് കൂടാതെ സ്റ്റിറോയിഡുകള്‍, ആന്റി ബാക്റ്റീരിയല്‍ മരുന്നുകള്‍ എന്നിവയുടെ അമിത ഉപയോഗം, ഒക്‌സിജന്‍ എടുക്കുന്നതിലെ വീഴ്ച എന്നിവ കാരണവും ഈ ഫംഗസ് ബാധ ഉണ്ടാകും. അതായത് രോഗപ്രതിരോധ ശേഷി കുറയാന്‍ കാരണമാകുന്ന മരുന്നുകള്‍ കഴിക്കുന്നവരില്‍ ഈ അണുബാധ വളരെ വേഗം പിടിപെടും.