ഹരീഷ് പേരടിക്ക് പിന്തുണയുമായി ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. സത്യം വിളിച്ചു പറയുന്നവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളില്‍ ഒന്നാണെന്ന് ജോയ് മാത്യു കുറിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ പോസ്റ്റിട്ട ഹരീഷ് പേരടിയെ പുകസ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയായിരുന്നു ജോയ് മാത്യുവിന്റെ പ്രസ്താവന. ( joy mathew support hareesh peradi )
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:
സത്യം വിളിച്ചു പറയുന്നവരെ
സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളില്‍ ഒന്നാണ്
അത് കൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവര്‍ത്തകനുമായ എ. ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങില്‍ നിന്നും പുകസ എന്ന പാര്‍ട്ടി സംഘടന
ഹരീഷിനെ ഒഴിവാക്കിയത് .
പു ക സ എന്നാല്‍ 'പുകഴ്ത്തലുകാരുടെയും
കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം 'എന്നായതിനാല്‍ ഹരീഷ് സന്തോഷിക്കുക .
സ്വന്തം തീര്‍ച്ചകളുടെ സ്വാതന്ത്യം എന്നത് അടിമകളുടെ പാരതന്ത്ര്യത്തേക്കാള്‍ എത്രയോ മഹത്തരമാണ് ,ആനന്ദകരവുമാണ്.
അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഈ നാട്ടില്‍ ഇനിയും നിലപാടുകള്‍ തുറന്നു പറയുമെന്ന് നേരത്തെ ഹരീഷ് പേരടി പറഞ്ഞിരുന്നു. കലാകാരന്‍മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു രാഷ്ട്രീയം ആണ് നാട്ടില്‍ ഉള്ളത്. പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സംഘാടകര്‍ വിശദീകരിക്കണമെന്നും ഹരീഷ് പേരടി ആവശ്യപ്പെട്ടു. ശാന്തനോര്‍മ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഹരീഷ് പേരടിയെ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു.
പരിപാടിയുടെ തലേന്ന് കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തെ വീട്ടിലെത്തി. അപ്പോഴാണ് ഒരു സംഘാടകന്‍ വിളിക്കുന്നത് നാളെ എത്തില്ലെ എന്ന് ചോദിച്ച് സമയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു. തുടര്‍ന്ന് പിറ്റെ ദിവസം ഭാര്യയോടൊപ്പം കോഴിക്കോട്ടേക്ക് വരുന്നതിനിടയില്‍ കുന്നംകുളം എത്തുമ്പോഴാണ് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സംഘാടകര്‍ അറിയിക്കുന്നത്. ശാന്തന്‍ എന്ന തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ പരിപാടി ഞാന്‍ കാരണം തടസപ്പെടേണ്ടതില്ലെന്നുള്ളത് കൊണ്ടാണ് താന്‍ മാറി നിന്നതെന്നും ഹരീഷ് പറഞ്ഞു.
എന്നാല്‍ അത് പൊതുസമൂഹത്തോട് വിളിച്ചു പറയേണ്ട ഒരു ഉത്തരവാദിത്തം കൂടി ഉണ്ട്. കാരണം അഭിപ്രായ സ്വതന്ത്ര്യങ്ങളുടെ നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. അത് ആവിഷ്‌കാരണ സ്വതന്ത്ര്യവുമൊക്കെയായി ബന്ധപ്പെട്ടാണ്. അഭിപ്രായ സ്വതന്ത്ര്യങ്ങളുടെ ഒരു പോരാട്ടമാണ് കലാകാരന്റെ ജീവിതം. അതുകൊണ്ട് അത് പറഞ്ഞേ പറ്റു. അതിനാലാണ് പരസ്യ പ്രതികരണം നടത്തിയതെന്നുംപരീഷ് പറഞ്ഞിരുന്നു.