ഷഹീന്‍ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ ഒമാന്‍
മസ്‌ക്കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുകയാണ്. ഷഹീന്‍ ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീരത്തോടടുക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് ഒമാന്‍. രാജ്യത്ത് കഴിഞ്ഞ ദിവസം മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. കാറ്റ് നേരിട്ട് ബാധിക്കുമെന്ന് കരുതപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഇപ്പോള്‍ മസ്‌കത്ത് തീരത്തുനിന്ന് 62.67 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരത്തോടെ കാറ്റ് കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം.
ചുഴലിക്കാറ്റിന്റെ ശക്തി ക്രമാതീതമായി വര്‍ദ്ധിച്ചാല്‍, ജനങ്ങള്‍ വീടുകളുടെ ജനലുകളും വാതിലുകളും അടച്ച് വീടിനുള്ളില്‍ കഴിയണമെന്ന് ഒമാന്‍ ദേശിയ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു. രാജ്യത്ത് പലയിടങ്ങളിലും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തില്‍ കടല്‍ തിരമാലകള്‍ സംരക്ഷണ മതില്‍ മറികടന്ന് കരയിലേക്ക് കയറി. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ അല്‍ വത്തയ്യാ പ്രദേശത്ത് കനത്ത മഴ മൂലം അല്‍ നഹ്ദ പ്രസിന് പിന്നിലുള്ള മല ഇടിഞ്ഞു വീണു. ആളപായമൊന്നും റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ല.