കോഴിക്കോട്: സ്വാതന്ത്ര്യസ സേനാനിയും രാഷ്ട്രീയ -സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളില്‍ അവിസ്മരണിയമായ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിയുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഗോകുലം ഗോപാലന് സമര്‍പ്പിക്കും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ ചെയര്‍മാനും ഡോ സി.കെ രാമചന്ദ്രന്‍, സത്യന്‍ അന്തിക്കാട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളില്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് 4.30ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള പുരസ്‌കാരം സമര്‍പ്പിക്കും. പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.വി. ചന്ദ്രന്‍ ആധ്യക്ഷ്യം വഹിക്കും. ചടങ്ങില്‍ പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പ്രശസ്തിപത്രം സമര്‍പ്പിക്കും. മേയര്‍ ഡോ. ബീന ഫിലിപ്പ് അനുസ്മരണസമിതിയുടെ സ്റ്റേഹോപഹാരം സമര്‍പ്പിക്കും. എം.കെ. രാഘവന്‍ എം.പി. പൊന്നാട അണിയിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. മുന്‍ എം.പി. ബിനോയ് വിശ്വം എന്നിവര്‍ ആശംസകളര്‍പ്പിക്കും ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് പുഷ്പഹാരം അണിയിക്കും മിനി രാജേഷ് പ്രശസ്തിപത്രം വായിക്കും. തുടര്‍ന്ന് അവാര്‍ഡ് ജേതാവ് ഗോകുലം ഗോപാലന്‍ മറുപടി പ്രസംഗം നടത്തും. പി.വി നിധീഷ് സ്വാഗതവും ഡോ. ജയ്കിഷ് ജയരാജ് നന്ദിയും പറയും.
പി.വി. സാമിയുടെ സ്മരണ നിലനിര്‍ത്താനുള്ള എളിയ യത്‌നമെന്ന നിലക്കും വ്യാവസായിക, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിനുമാണ് പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റ് ഈ അവാര്‍ഡ് നല്‍കി വരുന്നത് 'ക്യാപ്റ്റന്‍ സി.പി. കൃഷ്ണന്‍ നായര്‍, എം.എ. യൂസഫലി, രാജീവ് ചന്ദ്രശേഖര്‍, ഡോ ബി, രവിപിള്ള, പി.എന്‍.സി. മേനോന്‍, എം.പി. രാമചന്ദ്രന്‍, ഗള്‍ഫാര്‍ മുഹമ്മദലി, സി.കെ. മേനോന്‍, ഡോ. വര്‍ഗീസ് കുര്യന്‍, കേശവന്‍ മുരളീധരന്‍, ഡോ. സിദ്ദിഖ് അഹമ്മദ്, കെ.ഇ. ഫൈസല്‍, ഡോ. ബി ആര്‍ ഷെട്ടി, ടി.എസ്. കല്യാണരാമന്‍, പത്മശ്രീ മമ്മൂട്ടി, പത്മഭൂഷണ്‍ മോഹന്‍ലാല്‍ എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായത്.