മാര്‍പാപ്പയുടെ അനുമതി; എറണാകുളം - അങ്കമാലി
അതിരൂപതയില്‍ എകീകൃത കുര്‍ബാനക്രമം നടപ്പാക്കില്ല
കൊച്ചി: ജനാഭിമുഖ കുര്‍ബാന തുടരാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കിയതോടെ എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകികൃത കുര്‍ബാന ക്രമം നടപ്പാക്കില്ല. മെത്രാപ്പോലീത്തന്‍ വികാരി ആന്റണി കരിയില്‍ മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പാപ്പ അനുമതി നല്‍കിയത്.മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടുനിന്നുവെന്ന് സഭാ വൃത്തങ്ങള്‍ വ്യക്തമാക്കി. മോണ്‍. ഫാ. ആന്റണി നരികുളവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വത്തിക്കാന്‍ നിര്‍ദേശം ഉള്‍ക്കൊള്ളിച്ചുള്ള സര്‍ക്കുലര്‍ ആന്റണി കരിയില്‍ പുറത്തിറക്കി. നാളെ മുതല്‍ ആണ് സീറോ മലബാര്‍ സഭയ്ക്ക് കീഴില്‍ പരിഷ്‌കരിച്ച ആരാധനക്രമം നിലവില്‍ വരേണ്ടിയിരുന്നത്. എന്നാല്‍, വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാണ്.
കുര്‍ബാന പരിഷ്‌കരണത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അടക്കം ആറോളം രൂപതകളില്‍ പ്രതിഷേധം ശക്തമായിരുന്നു. അതിനിടെ കോടതിയെ സമീപിച്ച ചാലക്കുടി ഫൊറോന പള്ളി പുതിയ കുര്‍ബാന രീതിക്ക് താല്‍ക്കാലിക സ്റ്റേ നേടുകയും ചെയ്തു. നിലവിലെ രീതി തുടരണം എന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.
കുര്‍ബാനയിലെ രീതികള്‍ ഏകീകരിക്കണമെന്ന നിര്‍ദേശത്തില്‍ എതിര്‍പ്പ് വ്യക്തമാക്കി എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികര്‍ മുന്‍പ് മാര്‍പാപ്പയ്ക്ക് കത്ത് എഴുതിയിരുന്നു. മാര്‍പാപ്പയ്ക്ക് അയച്ച കത്തില്‍ അതിരൂപതയില്‍പ്പെട്ട 466 വൈദികര്‍ ഒപ്പിട്ടു. ഇന്ത്യയിലെ പൗരസ്ത്യ സഭയുടെയും അപ്പോസ്‌തോലിക് നൂണ്‍സിയോയുടെയും പ്രിഫെക്റ്റിനും മെമ്മോറാണ്ടം അയക്കുകയും ചെയ്തിരുന്നു. ഏകീകരണ രീതി നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ സഭയുടെ ഐക്യത്തെ ബാധിക്കുമെന്നാണ് വൈദികര്‍ വ്യക്തമാക്കിയിരുന്നത്.
സീറോ മലബാര്‍ സഭയുടെ കുര്‍ബാന ആചരണത്തില്‍ വിവിധ സ്ഥലങ്ങളില്‍ പല രീതിയിലുള്ള രീതികളാണ് പിന്തുടരുന്നത്. വിശ്വാസികളെ അഭിമുഖീകരിച്ചും ബലിപീഠത്തെ അഭിമുഖീകരിച്ചുമാണ് കുര്‍ബാനയിലെ ഭാഗങ്ങള്‍ ചൊല്ലുന്നത്. എന്നാല്‍, കുര്‍ബാനയുടെ ആദ്യഭാഗം ജനങ്ങള്‍ അഭിമുഖമായും പ്രധാന ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് വത്തിക്കാന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. മാര്‍പാപ്പ നല്‍കിയിരിക്കുന്ന ഈ നിര്‍ദേശത്തിനെതിരെയാണ് ഒരു വിഭാഗം വൈദികര്‍ രംഗത്തുവന്നിരിക്കുന്നത്. എറണാകുളം - അങ്കമാലി അതിരൂപതയടക്കം ആറ് അതിരൂപതകളില്‍ ജനാഭിമുഖമായിട്ടാണ് കുര്‍ബാന നടത്തുന്നത്.