മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നു; പ്രതിഷേധം കടുപ്പിച്ചു നാട്ടുകാർ
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നലെ അർദ്ധരാത്രി തുറന്നു. പത്ത് സ്പിൽവേ ഷട്ടറുകളാണ് 60 സെന്റിമീറ്ററോളം തുറന്നത്. സെക്കൻഡിൽ 8000 ഘനയടി വെള്ളമാണ് ഒഴുക്കിവിട്ടത്. ഈ വർഷം ആദ്യമായാണ് ഇത്രയും ഷട്ടറുകൾ ഒരുമിച്ച് തുറക്കുന്നത്.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇത്രയും ഷട്ടറുകൾ തുറന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പെരിയാറിൽ ജലനിരപ്പ് ഉയർന്ന് പലയിടങ്ങളിലും വെള്ളം കയറിയത് പരിഭ്രാന്തി സൃഷിട്ടിച്ചു. ഇതോടെ വള്ളക്കടവിൽ നാട്ടുകാർ പ്രതിഷേധം നടത്തി. പ്രതിഷേധത്തിനു പിന്നാലെ പുലർച്ചെ 4:30 ഓടെ തമിഴ്‌നാട് ഷട്ടറുകൾ പകുതി താഴ്ത്തി. രാവിലെ 6:30 ന്ന തുറന്ന അഞ്ച് ഷട്ടറുകൾ അടച്ചു. നിലവിൽ ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി 2000 ഘനയടി വെള്ളമാണ് അണക്കെട്ടിൽ നിന്നും പുറത്തേക്കൊഴുന്നത്. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയും മുന്നറിയിപ്പില്ലാതെ അണക്കെട്ടിൽ നിന്നും വെള്ളമൊഴുക്കിവിട്ടിരുന്നു. ഷട്ടറുകൾ തുറക്കുന്നതിന് മുൻപ് നിർദേശം നൽകണമെന്ന് തമിഴ് നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. എന്നാൽ വീണ്ടും രാത്രി മുന്നറിയിപ്പില്ലാതെ തുറന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. മുൻകൂട്ടി അറിയിപ്പ് ലഭിച്ചാൽ ആളുകളെ മാറ്റിപാർപ്പിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സർക്കാരിന് സ്വീകരിക്കാനാകും.