കോഴിക്കോട്: ആര്‍ട്ട്ഫിഷല്‍ ഇന്റലിജന്‍സ് ( നിര്‍മ്മിത ബുദ്ധി) പരിജ്ഞാനം പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികളിലേക്കും അധ്യാപകരിലേക്കും പകര്‍ന്നു നല്‍കുന്നതിനായി ശില്‍പ്പശാലയൊരുങ്ങുന്നു. ഇത്തരമൊരു ഉദ്യമം രാജ്യത്തു തന്നെ ആദ്യമായാണ്. നാളെ കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന 'ഐവ ആര്‍ട്ട് ഓഫ് എഐ' എ ഐ ആര്‍ട് ഡിജിറ്റല്‍ ഷോ കാലിക്കറ്റ് യൂണിവേഴ്സിറ്റി മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് ശില്‍പ്പശാല. എ.ഐ മേഖലയിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ക്ലാസെടുക്കും. എഐ സാങ്കേതിക വിദ്യ ഉപയാഗിച്ച് ആര്‍ട്ടിസ്റ്റുകള്‍ നിര്‍മ്മിച്ച വീഡിയോകളും ഫോട്ടോകളും ഉള്‍പ്പെടെ ആയിരത്തോളം ക്രിയാത്മക കലാസൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ ആര്‍ട്ട് എക്സിബിഷന്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, ലൈവ് ഡെമോ ക്ലാസുകള്‍, ഓപ്പണ്‍ഫോറം, പാനല്‍ ചര്‍ച്ചകള്‍ എന്നിവ ഐവ ആര്‍ട്ട് ഓഫ് ഐഐ ഡിജിറ്റല്‍ ഷോയുടെ ഭാഗമായുണ്ടാവും. ഡിജിറ്റല്‍ സൃഷ്ടികളില്‍ ഐഐയുടെ അനന്ത സാധ്യത ഷോയില്‍ വ്യക്തമാവുമെന്നും മികച്ച ആര്‍ട്ട് വര്‍ക്കുകള്‍ക്കായി രൂപപ്പെടുത്തിയ പുതിയ ടൂളുകള്‍ അവതരിപ്പിക്കുമെന്നും ആര്‍ട്ട് ഓഫ് എ.ഐ സ്ഥാപകന്‍ ഷിജു സദന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വ്യവസായികള്‍, കലാകാരന്മാര്‍ എന്നിവര്‍ക്കായി പ്രത്യേക സെമിനാറുകളും ഷോയുടെ ഭാഗമായി ഉണ്ടാവും.പ്രത്യേക എ.ഐ ട്യൂളുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍, വീഡിയോ, കലാസൃഷ്ടികള്‍, സംഗീതം എന്നിവയുടെ തത്സമയ പ്രദര്‍ശനം ഓരോ സെഷന്റേയും ഭാഗമായി നടക്കും. 15 എല്‍ഇഡി സ്‌ക്രീനുകള്‍ ഇതിനായി സ്ഥാപിക്കും. 'ഐഐയുടെ സാധ്യതയും ഉയര്‍ന്നു വരുന്ന തൊഴില്‍ അവസരങ്ങളും' എന്ന വിഷയത്തില്‍ പ്രത്യേക അവതരണവും ഉണ്ടാവും.
എ.ഐ സാക്ഷരത ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള ചുവടുവയ്പ്പിന് ആര്‍ട്ട് ഓഫ് എ.ഐ കോഴിക്കോട്ട് തുടക്കം കുറിക്കുകയാണ്. രാജ്യത്തുടനീളം തുടര്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും.
എഐയെക്കുറിച്ച് ആളുകളെ അറിയിക്കുക എന്നതാണ് ഐവയുടെ പ്രാഥമിക ലക്ഷ്യം. എഐക്കുറിച്ച് പൊതു സമൂഹത്തിലുള്ള തെറ്റായ ധാരണ തിരുത്തി ഓരോരുത്തര്‍ക്കും അവരവരുടെ പ്രവര്‍ത്തന മേഖലകളില്‍ സഹായകരമായ രീതിയില്‍ എഐ സംസ്‌കാരം വളര്‍ത്തിയെടുക്കാനാണ് ആര്‍ട് ഓഫ് എഐ ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ട്ട് ഓഫ് എഐ ഫൗണ്ടര്‍ ഷിജു സദന്‍, എഡ്യുക്കേഷന്‍ ഡയറക്ടര്‍ ടെന്നിസണ്‍ മോറിസ്, പ്രോഗ്രാം കണ്‍വീനര്‍ ജിത്തു ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.