ദില്ലി: രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സാഹചര്യത്തില്‍ സമൂഹിക മാധ്യമങ്ങളിലും നടപടി. ഇന്ത്യയില്‍ പിഎഫ്‌ഐയുടെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അക്കൗണ്ട് സസ്‌പെന്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാര്‍ എഎംഎ സലാമിന്റെ ട്വിറ്റര്‍ അക്കൗണ്ടും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
അതേസമയം, പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷ തുടരുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ അടക്കമുള്ള മേഖലകളില്‍ നിരീക്ഷണം തുടരും. നിരോധനത്തിന്റെ തുടര്‍ നടപടികളും സംസ്ഥാനങ്ങളില്‍ ഇന്ന് ഉണ്ടാകും. ആസ്തികള്‍ കണ്ട് കെട്ടുന്നതും ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കുന്നതും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്. അതേസമയം, നിരോധനത്തിന് ശേഷമുള്ള സംഘടനയിലെ നേതാക്കളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ കേന്ദ്രം പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളടക്കവും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കും.