നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിക്കെതിരായ വാദങ്ങളുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ .
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയെ പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. വിചാരണ കോടതിയിൽ സാക്ഷി പറയാൻ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായെന്നും, വിചാരണ കോടതിയിൽ നടക്കുന്ന കാര്യങ്ങൾ സംഭവിക്കാൻ പാടില്ലാത്തതാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതിക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ പ്രോസിക്യൂഷൻ ഉന്നയിച്ചത്.
സാക്ഷി പറയാൻ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടാകുന്നത്. രഹസ്യ വിചാരണ നടക്കുന്നതിനാൽ അവിടെ നടക്കുന്ന സംഭവങ്ങളൊന്നും പുറത്ത് അറിയുന്നില്ല. എന്നാൽ വിചാരണ കോടതിയിൽ നടക്കുന്ന കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടിട്ടാണ് കോടതിയിൽ വിമർശനം ഉന്നയിക്കുന്നതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രോസിക്യൂഷന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പി എ ഷാജിയാണ് എതിർവാദം നടത്തുന്നത്.
ദിലീപ് സാക്ഷികളെ നിരന്തരം സ്വാധീനിക്കാൻ ശ്രമം നടത്തുന്നു. സാക്ഷി പറയാൻ പോയ 22 പേരിൽ 20 പേരെയും കൂറുമാറ്റി. കൂറുമാറാതെ നിന്ന രണ്ട് പേരെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കുന്നു. ഇതിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ ഗൂഡാലോചനക്ക് അപ്പുറത്തേക്ക് അപായപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങൾ പോയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിക്ക് മുൻപാകെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.