കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് ; നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍. മുന്‍ പ്രസിഡന്റ് കെ കെ ദിവാകരന്‍,ടി എസ് ബൈജു , വി കെ ലളിതന്‍, ജോസ് ചക്രംപിള്ളി എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സി പി ഐ എം പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്.
ഇതിനിടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഹൈക്കോടതി ഇന്ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.കേസ് സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസ് അന്വേഷണം കാര്യക്ഷമമായിയാണ് മുന്നോട്ട് പോകുന്നതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണം ഫലപ്രദമായിട്ടാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു.
സിപിഎമ്മിന് നിയന്ത്രണമുള്ള ബാങ്കിനെതിരായ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് ഇവിടുത്തെ മുന്‍ ജീവനക്കാരന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ മുന്നിലുളളത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണ് നടക്കുന്നതെന്നും പ്രതികള്‍ തയാറാക്കിയ നിരവധി വ്യാജ രേഖകള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യത്തില്‍ ഫലപ്രദമായ അന്വേഷണമാണ് തുടരുന്നതെന്നും ബാങ്കില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ജീവനക്കാരന്‍ സ്ഥാപിത താല്‍പ്പര്യങ്ങളോടെയാണ് ഹര്‍ജിയുമായി സമീപിച്ചതെന്നും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു.