നിപ: സമ്പർക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
കോഴിക്കോട്: നിപ സമ്പർക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. കഴിഞ്ഞ ദിവസങ്ങളിൽ എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നാല് എണ്ണം എൻഐവി പൂനെയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേകം സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ ഐസൊലേഷനിലുള്ള 73 പേർ നെഗറ്റീവായി.
അതേസമയം നിപയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധന ഊർജ്ജിതമാക്കി. ഇന്ന് വവ്വാലുകളെ പിടിക്കും. പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സംഘാംഗങ്ങളുടെ സാന്നിധ്യത്തിൽ വനംവകുപ്പുദ്യോഗസ്ഥർ അതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. മുന്നൂരിന് പരിസരത്തെ വവ്വാലുകളെയാണ് വലവിരിച്ച് പിടിച്ച് നിരീക്ഷിക്കുക.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന്റെ മൂന്നു കിലോമീറ്റർ പരിധി കണ്ടെയ്ൻമെന്റ് സോണാണ്. കേന്ദ്ര മാർഗനിർദ്ദേശം അനുസരിച്ചാണ് കണ്ടെയ്ൻമെന്റ് സോണാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ പ്രദേശത്തെ മുഴുവൻ വാർഡിലെയും വീടുകളിൽ സർവേ നടത്തിയിരുന്നു. ഇവിടെ അസ്വാഭാവിക മരണമോ പനിയോ കണ്ടെത്തിയിട്ടില്ല.