ലഖിംപൂരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് ജീപ്പ് ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്; കേന്ദ്രമന്ത്രി അജയ് മിശ്രയ്‌ക്കെതിരെ കേസ്
ഉത്തര്‍പ്രദേശ്: ലഖിംപൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് എതിരെ കേസ്. ക്രിമിനല്‍ ഗൂഢാലോചന ചുമത്തിയാണ് പോലീസ് കേസെടുത്തത്. കര്‍ഷകര്‍ക്കിടെയിലേക്ക് ആശിഷ് കുമാര്‍ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം.
അജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരെയും കൊലക്കുറ്റം ചുമത്തിയിരുന്നു. ആശിഷ് കുമാര്‍ മിശ്ര ഉള്‍പ്പടെ 14 പേര്‍ക്കെതിരെ കൊലപാതക കുറ്റം ഉള്‍പ്പടെ ചുമത്തിയാണ് കേസെടുത്തത്. ലഖിംപൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ 9 പേരാണ് മരിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 18 പേര്‍ അറസ്റ്റിലായെന്ന് പോലീസ്. ചില ആളുകള്‍ പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് മീററ്റ് ജില്ലാ പോലീസ് മേധാവി വിനീത് ഭട്‌നഗര്‍ വ്യക്തമാക്കി. പ്രശ്‌നം ഉണ്ടാക്കാന്‍ നീക്കം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ലഖിംപൂര്‍ ഖേരിയില്‍ നാല് കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യമാണ് കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നത്. അതിനിടെ ലഖിം പൂരില്‍ കര്‍ഷകര്‍ക്കിടെയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. കൊടിയുമായി നടന്നു നീങ്ങുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഒരു ജീപ്പ് ഇടിച്ച് കയറ്റുന്ന ദൃശ്യമാണ് പുറത്തുവന്നത്. പ്രതിഷേധിക്ക്കുന്ന കര്‍ഷകര്‍ക്കിടെയിലേക്ക് ജീപ്പ് ഓടിച്ചുകയറ്റുന്ന ദൃശ്യം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. 'ലഖിം പൂര്‍ ഖേരിയില്‍ നിന്നുള്ള അസ്വസ്ഥപ്പെടുത്തുന്ന ദൃശ്യങ്ങള്‍. മോദി സര്‍ക്കാരിന്റെ മൗനം ഈ കുറ്റത്തിലൂടെ അവരുടെ പങ്കാളിത്തം വ്യക്തമാക്കുന്നു' - എന്നും ദൃശ്യങ്ങള്‍ പങ്കുവച്ച് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പറഞ്ഞു.