സെമിഹൈസ്പീഡ് റെയില്‍: ആശങ്കകള്‍ വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സെമിഹൈസ്പീഡ് റെയില്‍ പദ്ധതി സംബന്ധിച്ച് ആശങ്കകള്‍ വേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എം.കെ. മുനീറിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ യാത്ര ചെയ്യാന്‍ 16 മണിക്കൂര്‍ വരെ എടുക്കുന്ന അവസ്ഥയാണുള്ളത്. ഇത് മാറേണ്ടതുണ്ട്. അതിനുള്ള ഏറ്റവും വലിയ പരിഹാരമാര്‍ഗ്ഗമാണ് അര്‍ദ്ധ അതിവേഗ റെയില്‍. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡു വരെ 4 മണിക്കൂറില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഒരു പദ്ധതിയാണിത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാവുക എന്നതില്‍ ഒരു തര്‍ക്കവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധനാലയങ്ങളെയും പാടങ്ങളെയും കാവുകളെയും പരമാവധി ബാധിക്കാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ വീടുകള്‍ ഉള്‍പ്പെടെ 9,314 കെട്ടിടങ്ങളെ മാത്രമാണ് ബാധിക്കുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. 63,941 കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 1,383 ഹെക്ടര്‍ ഭൂമിയാണ് പുനരധിവാസത്തിനുള്‍പ്പെടെ ആവശ്യമായി വരിക. ഇതില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണ്. കിഫ്ബി വഴി 2100 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി വകയിരുത്തുന്നുണ്ട്. സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ട്.
പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ തകര്‍ക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ഏറ്റവും സാങ്കേതികമായും സാമ്പത്തികമായും അതിലുപരി സാമൂഹ്യപ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് ഈ പദ്ധതിക്കുള്ള അലൈന്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. ഒരു ഹെക്ടറിന് ഏകദേശം 9 കോടി രൂപ നഷ്ടപരിഹാരമായി കണക്കാക്കിയിരിക്കുന്നു. മാത്രമല്ല, ജനവാസം കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പാതയുടെ ഭൂരിഭാഗവും കടന്നുപോകുന്നത്. പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകളും പ്രശ്നങ്ങളും ദൂരീകരിക്കുന്നതിനും ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.