ദില്ലി: ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നല്‍കിയെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പാകിസ്ഥാന്‍ നടത്താനിരുന്ന ആക്രമണത്തെ നിര്‍വീര്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണല്‍ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്റഗ്രേറ്റഡ് കൗണ്ടര്‍ അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റവും വ്യോമപ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ചാണ് പാകിസ്ഥാന്റെ മിസൈലാക്രമണം തകര്‍ത്തത്. പാകിസ്ഥാന്റെ സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് അവര്‍ നടത്തിയ ആക്രമണത്തിന്റെ തെളിവാണ്. ഇന്ത്യയെ ആക്രമിച്ചതിനും അതിര്‍ത്തിയിലെ ഷെല്ലാക്രമണം ശക്തമായി തുടരുന്നതിലും മറുപടിയായിട്ടാണ് പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യ തകര്‍ത്തത്. പാകിസ്ഥാന്റെ ആക്രമണശ്രമങ്ങളുടെ തെളിവും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
പാകിസ്ഥാന്റെ ആക്രമണത്തിന് തുല്യമായ മറുപടിയാണ് നല്‍കിയത്. നിയന്ത്രണ രേഖയില്‍ പ്രകോപനകരമായ നടപടികള്‍ പാകിസ്ഥാന്‍ തുടരുകയാണ്. മോട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചും മറ്റു ആയുധങ്ങള്‍ ഉപയോഗിച്ചും പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ആക്രമണം തുടരുകയാണ്. ഇതുവരെ 16 നിരപരാധികളാണ് കൊല്ലപ്പെട്ടത്. മൂന്നു വനിതകള്‍, അഞ്ചു കുട്ടികളും അടക്കമുള്ളവരുടെ ജീവനാണ് നഷ്ടമായത്. ഇതുകൊണ്ട് കൂടിയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. കുപ്വാര, ബാരാമുള്ള, ഉറി, പൂഞ്ച്, രജൗരി സെക്ടറുകളിലാണ് പാക് ആക്രമണം ശക്തമായത്. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഇന്ന് രാവിലെയും മിസൈല്‍ ആക്രമണശ്രമം ഉണ്ടായെന്നും കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും പറഞ്ഞു.
പാകിസ്ഥാന്‍ ടിആര്‍എഫിനെ സംരക്ഷിക്കുകയാണ്. നിരവധി തെറ്റായ വിവരങ്ങളാണ് പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്നത്. യുഎന്നിലും പാക് തീവ്രവാദ ശക്തികളെ പിന്തുണച്ചു. ഇന്ത്യയുടെ തിരിച്ചടി കൃത്യമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. തീവ്രവാദത്തെ പിന്തുണക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ ആവര്‍ത്തിക്കുന്നത് വസ്തുതാവിരുദ്ധമാണ്. ലോകമെമ്പാടും പാക് സ്‌പോണ്‍സേര്‍ഡ് തീവ്രവാദം ഭീഷണിയാകുകയാണ്. ഇപ്പോള്‍ പാകിസ്ഥാന്‍ തുറന്ന് കാട്ടപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാനില്‍ യുഎന്‍ നിരോധിച്ച നിരവധി ഭീകരരാണുള്ളത്. ബിന്‍ ലാദന്‍ പാകിസ്ഥാന്റെ കണ്ടെത്തലാണ്.
പഹല്‍ഗാം ആക്രമണത്തിന്റെസൂത്രധാരമാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യ ആവര്‍ത്തിച്ചാവര്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച വിദേശകാര്യസെക്രട്ടറി പാക് ആര്‍മി ചീഫിനെതിരെയും ആഞ്ഞടിച്ചു. പാക് ആര്‍മി ചീഫിന്റെ പ്രകോപനപരമായ പ്രസംഗമാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തിലെത്തിച്ചത്. ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷത്തിനും ഉന്നമിട്ടുവെന്നും വിദേശകാര്യസെക്രട്ടറി കുറ്റപ്പെടുത്തി.