ഓഹരി വിപണിയും നേട്ടത്തില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടു.
അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ ധനനയം തീരുമാനവും (യുഎസ് ഫെഡറല്‍ റിസര്‍വ്) ആഗോള വിപണികളിലെ കുതിപ്പും അടിസ്ഥാനപ്പെടുത്തി ഇന്ത്യന്‍ വിപണിയും നേട്ടത്തില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടു. ഈ വാരം തുടര്‍ച്ചയായ നാലാം ദിനമാണ് ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തോടെ വ്യാപാരം ആരംഭിക്കുന്നത്. രാവിലെത്തന്നെ ബോംബെ സൂചിക 50,000 മാര്‍ക്കില്‍ തിരിച്ചെത്തി; നിഫ്റ്റി 15,000 പോയിന്റിലും ചുവടുവെയ്ക്കുന്നു. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 580 പോയിന്റ് ഉയര്‍ന്ന് 50,316 എന്ന നിലയിലാണ് വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത്. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 375 പോയിന്റ് കയറി 15,029 എന്ന നിലയിലും ഇടപാടുകള്‍ ആരംഭിച്ചു.
സെന്‍സെക്‌സ് 50,000 പോയിന്റ് മറികടന്നു, നിഫ്റ്റി 15,000 പോയിന്റില്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫൈനാന്‍സ് എന്നീ ഓഹരികളില്‍ ഊന്നിയാണ് ഇന്ത്യന്‍ സൂചികകളുടെ ഇന്നത്തെ മുന്നേറ്റം. 2 മുതല്‍ 2.5 ശതമാനം വരെ നേട്ടം ഈ ഓഹരികളില്‍ കാണാം. നിഫ്റ്റിയിലെ നേട്ടക്കാരുടെ പട്ടികയില്‍ ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഓഹരികള്‍ കയറിക്കൂടി. ഈ ഓഹരികള്‍ രാവിലെ 3 ശതമാനം വരെ മുന്നേറി. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സും ഐഷര്‍ മോട്ടോര്‍സും മാത്രമാണ് 50 ഓഹരികള്‍ അടങ്ങിയ നിഫ്റ്റിയില്‍ നഷ്ടം കുറിക്കുന്നത്.
വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് 0.83 ശതമാനം മുന്നേറുന്നു; ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 0.93 ശതമാനവും നേട്ടം കയ്യടക്കുന്നു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകള്‍ എല്ലാം നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കാര്യമായ വാങ്ങലുകള്‍ എല്ലാ സൂചികകളിലും ദൃശ്യമാണ്. കൂട്ടത്തില്‍ നിഫ്റ്റി മെറ്റല്‍ സൂചിക 2 ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക 1.5 ശതമാനവും മുന്നേറുന്നു. ഇന്ന് 36 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാനിരിക്കുന്നത്. ഹിന്ദുസ്താന്‍ യുണിലെവര്‍, ബജാജ് ഓട്ടോ, ടൈറ്റന്‍, അംബുജ സിമന്റ്‌സ്, ഐനോക്‌സ് ലെയ്ഷര്‍, ബാങ്ക് ഓഫ് മഹാരാഷ്ട്ര, റെയിന്‍ ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.