മോറട്ടോറിയം കാലാവധി നീട്ടണമെന്ന ഹർജി സുപ്രീം കോടതി തള്ളി.
ബാങ്ക് മോറട്ടോറിയം കാലാവധി നീട്ടണമെന്ന ഹർജി തള്ളി സുപ്രീം കോടതി. മോറട്ടോറിയം കാലത്തെ പലിശ എഴുതി തള്ളാനാകില്ലെന്ന് നിലപാടെടുത്ത കോടതി സർക്കാരിൻറെ സാമ്പത്തിക നയങ്ങളിൽ ഇടപെടാനാകില്ലെന്നും വ്യക്തമാക്കി.ലോക്ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം കോടതി നടപടി.
സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ ഏതെങ്കിലും മേഖലയിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നത് കൊണ്ട് ഇടപെടേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. വിവിധ മേഖലയിലേക്ക് ആനുകൂല്യങ്ങൾ നീട്ടണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി. ബാങ്കുകളുടെ മുഴുവൻ പലിശയും ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇത്തരം വിഷയങ്ങളിൽ സർക്കാരും ആർബിഐയും ചേർന്നാണ് നിലപാട് കൈക്കൊള്ളേണ്ടത്.അതേസമയം മോറട്ടോറിയം കാലത്തെ പലിശയ്ക്ക് പിഴപ്പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഇത്തരത്തിൽ ഈടാക്കിയ പണം ബാങ്കുകൾ തിരിച്ചുനൽകണമെന്നും കോടതി നിലപാടെടുത്തു.