കോഴിക്കോട്: മലബാര്‍ സ്പോര്‍ട്സ് ആന്റ് റിക്രിയേഷന്‍ ക്ലബ്ബിന്റെ (എം.എസ്.ആര്‍.എഫ്) ആഭിമുഖ്യത്തില്‍ കേരളത്തിലെ ഫുട്ബോള്‍ കോച്ചുകള്‍ക്കായി നടത്തിവന്ന പരിശീലനം സമാപിച്ചു. പെരുന്തുരുത്തി ഭവന്‍ സ്‌കൂളിലെ എംഎസ്ആര്‍എഫ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഭാരതീയ വിദ്യാഭവന്‍ കോഴിക്കോട് കേന്ദ്രം ചെയര്‍മാന്‍ ആചാര്യ എ.കെ.ബി. നായര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ലോക ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ വാര്‍ത്തെടുത്ത അര്‍ജന്റീനോസ് ജൂനിയോസ് ഫുട്‌ബോള്‍ അക്കാദമിയിലെ പരിശീലകരായ മാറ്റിയാസ് അക്കോസ്റ്റ, അലിജാന്‍ഡ്രോ ലിനോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. 16 കോച്ചുകളാണ് പരിശീലനം നേടിയത്. ചടങ്ങില്‍ എംഎസ്ആര്‍എഫ് എംഡി ടി.കെ. രാജ്മോഹന്‍, ഡയറക്ടര്‍മാരായ സജീവ് ബാബു കുറുപ്പ്, ഡോ. മനോജ് കാളൂര്‍, അര്‍ജന്‍ന്റീനോസ് ജൂനിയോസ് കോച്ചുകളായ മാറ്റിയോസ് അക്കോസ്റ്റ, അലിജാന്‍ഡ്രോ ലിനോ, ഭവന്‍സ് പ്രിന്‍സിപ്പല്‍ ശ്രീജ ഉണ്ണിക്കൃഷ്ണന്‍, വൈസ് പ്രിന്‍സിപ്പല്‍ അമൃത, അരുണ്‍ കെ.നാണു എന്നിവര്‍ പങ്കെടുത്തു.
എംഎസ്ആര്‍എഫിനു കീഴിലുള്ള മലബാര്‍ ചാലഞ്ചേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് അക്കാദമിയിലേക്കുള്ള കുട്ടികളുടെ പ്രവേശന നടപടികള്‍ പുരോഗമിക്കുകയാണ്. സെപ്തംബര്‍ ആദ്യവാരം സെലക്ഷന്‍ നടക്കും. തുടര്‍ന്ന് തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്കും അര്‍ജന്റീനോസ് ജൂനിയോസ് കോച്ചുകള്‍ തന്നെ പരിശീലനം നല്‍കും. കോഴിക്കോട് പെരുന്തുരുത്തി ഭവന്‍സ് സ്‌കൂളില്‍ എംഎസ്ആര്‍എഫ് നിര്‍മ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ ടര്‍ഫിലായിരിക്കും പരിശീലനം. കുട്ടികളുടെ സൗകര്യാര്‍ത്ഥം മറ്റിടങ്ങളിലേക്കും കോച്ചിംഗ് ക്യാമ്പുകള്‍ വ്യാപിപ്പിക്കും.
8-10, 10-12, 12-14 വയസ് വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാണ്. ആദ്യ ബാച്ചിലേക്ക് ഓക്്ടോബര്‍ ആദ്യ വാരം വരെ അപേക്ഷിക്കാം. https://forms.gle/1KBy98r9t8GwpQSXA എന്ന ഗൂഗിള്‍ ഫോം വഴി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക്
www.malabarchallengersfc.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
കാല്‍പന്തുകളിയെ നെഞ്ചിലേറ്റിയ കോഴിക്കോടിന്റെ മണ്ണിലെ കുട്ടികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ പരിശീലനവും സാധ്യമാവുകയാണ്. ലോക ഫുട്ബോളില്‍ കേരളത്തിന്റെയും ഇന്ത്യയുടേയും പേരു കോറിയിടുക എന്ന വ്യക്തമായ ലക്ഷ്യവുമായാണ് എംഎസ്ആര്‍ഫും മലബാര്‍ ചാലഞ്ചേഴ്സും പ്രവര്‍ത്തനമാരംഭിച്ചത്. പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം ലഭ്യമാക്കി പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങളാക്കി മാറ്റുക, അതുവഴി മലബാറിന്റെ മഹത്തരമായ ഫുട്ബോള്‍ പാരമ്പര്യത്തെ പുനഃരുജ്ജീവിപ്പിച്ച് ശക്തിപ്പെടുത്തുക, 2033ലെ അണ്ടര്‍ 20 ലോകകപ്പ്, 2034ലെ ലോക കപ്പ് ഫുട്ബോള്‍ എന്നിവയുടെ അവസാന റൗണ്ടുകളില്‍ ഇന്ത്യന്‍ ടീമിന്റെ സാനിധ്യം ഉറപ്പാക്കുക എന്നിവയാണ് ആ ലക്ഷ്യങ്ങള്‍.