തിരുവനന്തപുരം: സര്‍ക്കാര്‍ പാനല്‍ തള്ളി കെടിയു-ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ താല്‍ക്കാലിക വിസിമാരെ നിയമിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഡോ. സിസ തോമസിനെ ഡിജിറ്റല്‍ വിസിയായും കെ ശിവപ്രസാദിനെ കെടിയു വിസിയുമാക്കിയാണ് വീണ്ടും നിയമിച്ചത്. അതേസമയം, ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ രംഗത്തെത്തി. ഗവര്‍ണറുടെ നടപടി സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. വിസിമാരുടെ പുനര്‍നിയമനം സര്‍ക്കാര്‍ ശുപാര്‍ശ അനുസരിച്ചാകണമെന്ന വിധി ഗവര്‍ണര്‍ അംഗീകരിച്ചില്ലെന്നാണ് സര്‍ക്കാര്‍ വാദം.
ഗവര്‍ണ്ണര്‍-സര്‍ക്കാര്‍ പോര് കൂടുതല്‍ കടുപ്പിക്കും വിധമാണ് താല്‍ക്കാലിക വിസി നിയമനം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പ്രകാരം പുറത്തുപോയ സിസ തോമസിനെയും ശിവപ്രസാദിനെയും ചാന്‍സലര്‍ വീണ്ടും നിയമിച്ചത് സുപ്രീംകോടതി വിധി എടുത്ത് കൊണ്ടാണ്. ആറുമാസത്തേക്കാണ് ഇരുവരുടേയും നിയമനം. പുറത്തുപോയവരെ വീണ്ടും നിയമിക്കാമെന്ന വിധിയിലെ ഭാഗമാണ് രാജ്ഭവന്റെ ആയുധം. എന്നാല്‍ പുനര്‍ നിയമനം ചാന്‍സലര്‍ക്ക് നടത്താമെങ്കിലും രണ്ട് സര്‍വകലാശാലകളിലെയും ചട്ടം അനുസരിക്കണമെന്ന ഭാഗമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. കെടിയു ആക്ട് 13 (7) ഡിജിറ്റല്‍ സര്‍വ്വകലാശാല ആക്ട് 10( 11 പ്രകാരം സര്‍ക്കാര്‍ ശുപാര്‍ശ പാലിക്കണം എന്ന് വിധി പ്രസ്താവമാണ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ എടുത്തുപറയുന്നത്.
ചാന്‍സലറുടെ താല്‍ക്കാലിക നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിന് പിന്നാലെ സര്‍ക്കാര്‍ പാനല്‍ നല്‍കിയിരുന്നു. ഈ പാനല്‍ തള്ളിയാണ് രാജ്ഭവന്റെ പുനര്‍ നിയമനം. ഇനി വീണ്ടും പാനല്‍ കൊടുക്കുന്നതടക്കം ആലോചിക്കുകയാണ് സര്‍ക്കാര്‍. വിജ്ഞാപനത്തിനെതിരെ നിയമനടപടിയും ആലോചിക്കുന്നു സര്‍ക്കാര്‍. വിജ്ഞാപനം ഇറങ്ങിയതിന് തൊട്ടുപിന്നാലെ സിസ തോമസും ശിവപ്രസാദും വിസിമാരായി ചുമതലയേറ്റു