ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ അറിയിപ്പ്. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവരുടേതാണ് അറിയിപ്പ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനികള്‍ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്. രാജ്യത്തുടനീളം ഇന്ധന വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും എല്ലാ പെട്രോള്‍ പമ്പുകളിലും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്നും കമ്പനികള്‍ വ്യക്തമാക്കി.
ഇന്ധന ലഭ്യതയില്‍ കുറവുണ്ടാകുമെന്ന ഭീതിയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പമ്പുകളിലെത്തി അമിതമായി ഇന്ധനം ശേഖരിക്കരുതെന്ന് കമ്പനികള്‍ അഭ്യര്‍ത്ഥിച്ചു. ഇത്തരം 'പാനിക് ബയിംഗ്' ഒഴിവാക്കണമെന്നും സാധാരണ നിലയിലുള്ള ഉപഭോഗം തുടരണമെന്നും അറിയിപ്പില്‍ പറയുന്നു. ഇന്ത്യ പെട്രോള്‍, ഡീസല്‍ എന്നിവയുടെ കയറ്റുമതിക്കാരാണെന്നും, ക്രൂഡ് ഓയില്‍ അടക്കം മതിയായ ശേഖരം നിലവിലുണ്ടെന്നും ഭാരത് പെട്രോളിയം ചൂണ്ടിക്കാട്ടി. വിതരണ ശൃംഖലകള്‍ തടസ്സവുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും ആധികാരികമായ വിവരങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കണമെന്നും എണ്ണക്കമ്പനികള്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാന്‍ കമ്പനികള്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യാജപ്രചാരണങ്ങള്‍ തടയാന്‍ എല്ലാവരും സഹകരിക്കണമെന്നും അറിയിപ്പില്‍ പ്രത്യേകം കുറിച്ചിട്ടുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കാന്‍ എല്ലാ പമ്പുകള്‍ക്കും കമ്പനികള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കമ്പനികള്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.