തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സ്തുതിഗാനം രചിച്ച സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ മുന്‍ നേതാവ് പൂവത്തൂര്‍ ചിത്രസേനന്റെ സേവനം യുഡിഎഫ് സര്‍ക്കാര്‍ അവസാനിപ്പിച്ചു. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പില്‍നിന്ന് വിരമിച്ച ശേഷം ധനകാര്യ വകുപ്പില്‍ സ്‌പെഷ്യല്‍ മെസഞ്ചര്‍ ആയി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. തിങ്കളാഴ്ച മുതല്‍ ജോലിക്ക് എത്തേണ്ടതില്ലെന്ന അറിയിപ്പ് ചിത്രസേനന് കൈമാറി.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ചിത്രസേനന്‍ രചിച്ച ഗാനം നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. 'ഇരുളടഞ്ഞ പാതയില്‍ ജ്വലിച്ച സൂര്യനായ് പിണറായി' എന്ന് തുടങ്ങുന്ന ഗാനമാണ് അദ്ദേഹം രചിച്ചത്. പിണറായി വിജയനെ വേദിയിലിരുത്തി അസോസിയേഷന്‍ ഭാരവാഹികള്‍ ഈ ഗാനം ആലപിച്ചതും ശ്രദ്ധേയമായിരുന്നു. ഈ സ്തുതിഗാനത്തിന് പ്രതിഫലമായാണ് വിരമിച്ച ശേഷം ചിത്രസേനന് സ്‌പെഷ്യല്‍ മെസഞ്ചര്‍ ആയി നിയമനം നല്‍കിയതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.