വാഷിംഗ്്ടണ്‍: ലോകം വീണ്ടും ഒരു പകര്‍ച്ച വ്യാഥിയുടെ മുള്‍മുനയിലേക്കു വരുമോ എന്ന ഭയത്തിലാണ്. ഹാന്റാ വൈറസാണ് പുതിയ ഭീതി ഉയര്‍ത്തുന്നത്. ഏപ്രില്‍ ഒന്നിന് അര്‍ജന്റിനയില്‍നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് വിനോദയാത്രപുറപ്പെട്ട കപ്പലായ് എം.വി. ഹോണ്‍ഡിയസിലാണ് ഹാന്റാ വൈറസ് പൊട്ടിപ്പുറപ്പെടുകയും യാത്രക്കാരായ മൂന്നു പേര്‍ മരിക്കുകയും ചെയ്തു.
എട്ടുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവര്‍ ബ്രിട്ടന്‍, ജര്‍മനി, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി ചികിത്സയിലാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ കേപ്പ് വെര്‍ദയില്‍നിന്ന് പുറപ്പെട്ട എം.വി. ഹോണ്‍ഡിയസ് സ്‌പെയിനിലെ ടെനറിഫ് ദ്വീപിലേക്ക് പോവുകയാണ്. എന്നാല്‍, കപ്പലിനെ തീരത്തടുക്കാന്‍ സ്‌പെയിനോ, ഡച്ചോ അനുവദിച്ചിട്ടില്ല. വൈറസ് ലോകവ്യാപകമായി ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ഭയക്കേണ്ടതില്ലെന്നുമാണ് ലോകാര്യോഗ്യ സംഘടന പറയുന്നത്.
23 രാജ്യങ്ങളില്‍നിന്നുള്ള 149 പേരാണ് കപ്പലിലുള്ളത്. ബ്രിട്ടന്‍, യു.എസ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഏറെയും യാത്രക്കാര്‍. എംവി ഹോണ്ടിയസ് എന്ന കപ്പലിലെ ഹാന്റാ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ കേസുകള്‍ പുറത്തുവരാനിടയുണ്ടെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കുന്നത്. ഹാന്റാ വൈറസിന്റെ അപൂര്‍വ വകഭേദമായ ആന്‍ഡീസാണ് നിലവിലെ വ്യാപനത്തിന് പിന്നില്‍. രോഗവ്യാപനം തടയാന്‍ കപ്പലില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോ ഗബ്രിയേസുസ് പറഞ്ഞു.അടുത്ത സമ്പര്‍ക്കത്തിലൂടെ പടരാനിടയുള്ള വകഭേദമാണ് ആന്‍ഡീസ്. ഇതിന്റെ പകര്‍ച്ചാകാലയളവ് ആറാഴ്ച വരെയാകാം. അതിനാല്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ഹാന്റാ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുമ്പുണ്ടായിട്ടുള്ള ഹാന്റാ വൈറസ് കേസുകളിലെല്ലാം രോഗബാധിതര്‍ അടുത്ത സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതുവഴിയാണ് രോഗവ്യാപനമുണ്ടായിട്ടുള്ളത്. പങ്കാളികള്‍, കുടുംബാംഗങ്ങള്‍, വൈദ്യസഹായം നല്‍കുന്നവര്‍ തുടങ്ങിയവരിലാണ് കൂടുതലും രോഗപ്പകര്‍ച്ച സാധ്യതയുള്ളത്. കപ്പലിലെ യാത്രികരിലും ഇതിനുള്ള സാഹചര്യമുണ്ടെന്നത് കണക്കിലെടുത്താണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നത്.
ആദ്യമായി രോഗബാധിതനായ വ്യക്തിക്ക് ഏപ്രില്‍ 6-നാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിത്. ഏപ്രില്‍ 11-ന് കപ്പലില്‍ വെച്ച് മരിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ രോഗലക്ഷണങ്ങള്‍ മറ്റ് ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്ക് സമാനമായിരുന്നതിനാല്‍ തുടക്കത്തില്‍ ഹാന്റാ വൈറസ് സംശയിച്ചിരുന്നില്ല. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും രോഗബാധിതയാവുകയും ഏപ്രില്‍ 25-ന് വിമാനയാത്രയ്ക്കിടെ നില വഷളായതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ വെച്ച് മരിക്കുകയും ചെയ്തു. രോഗലക്ഷണങ്ങള്‍ പ്രകടമായി ദിവസങ്ങള്‍ക്കുള്ളില്‍ മേയ് 2-ന് മൂന്നാമത്തെ യാത്രക്കാരനും മരണപ്പെട്ടു.
രോഗവ്യാപനം തടയാന്‍ കപ്പലില്‍ നിരവധി നിയന്ത്രണ നടപടികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും ഡോ.ടെഡ്രോസ് പറഞ്ഞു, ഐസൊലേഷന്‍, ശുചീകരണ നടപടിക്രമങ്ങള്‍, അണുനശീകരണം, രോഗലക്ഷണ നിരീക്ഷണം, എല്ലാ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വൈദ്യ പരിശോധന എന്നിവ ഉള്‍പ്പെടെയാണിത്. കപ്പല്‍ സ്‌പെയിനില്‍ എത്തുന്നതുവരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നെതര്‍ലന്‍ഡ്സിലെയും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളിലെയും വിദഗ്ധമോടൊപ്പം ഡബ്ല്യുഎച്ച് വിദഗ്ധനും കപ്പലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.ലോകം സുരക്ഷിതമായിരിക്കേണ്ടതിനാല്‍ വൈറസ് സംബന്ധിച്ച വിവരങ്ങളെല്ലാം കൃത്യമായി പങ്കുവെക്കുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ എന്തെങ്കിലും പിഴവുണ്ടാകുന്നത് വൈറസിന്റെ വ്യാപനത്തിന് കാരണമാകും. വൈറസുകളുടെ കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും ഐക്യദാര്‍ഡ്യം ആവശ്യമായ സാഹചര്യമാണ് ഇതെന്നും ഡോ.ടെഡ്രോസ് പറഞ്ഞു.
2018-2019 കാലയളവില്‍ അര്‍ജന്റീനയില്‍ സമാനമായ ഒരു സാഹചര്യമുണ്ടായിരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ആരോഗ്യ വിഭാഗം അലര്‍ട്ട് ആന്‍ഡ് റെസ്‌പോണ്‍സ് കോ-ഓര്‍ഡിനേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ, അബ്ദുറഹ്‌മാന്‍ മുഹമ്മദ് പറഞ്ഞു. അന്ന് രോഗലക്ഷണങ്ങളുള്ള ഒരാള്‍ നിരവധിപേര്‍ പങ്കെടുത്ത ഒരുപരിപാടിയില്‍ പോയതാണ് പലര്‍ക്ക്യം രോഗം ബാധിക്കാന്‍ കാരണമായത്. പൊതുസമൂഹവുമായി സമ്പര്‍ക്കമില്ലാത്ത വിഭാഗമാണ് കപ്പലിലുള്ളത്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയും സാമൂഹിക അകലം പാലിക്കുകയും ക്വാറന്റൈന്‍ നിര്‍ദേശിക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ ഇതിനെ പ്രതിരോധിക്കാനാവും, വലിയൊരു പകര്‍ച്ചവ്യാധിയാകുമെന്ന് കരുതുന്നില്ലെന്നും ഡോ. മുഹമ്മദ് വ്യക്തമാക്കി.
എലികളാണ് ഹാന്റാ വൈറസ് പടര്‍ത്തുന്നത്. എലികളുടെ മൂത്രം, കാഷ്ഠം അല്ലെങ്കില്‍ ഉമിനീര്‍ എന്നിവയിലെ വളരെ ചെറിയ കണങ്ങള്‍ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ സ്പര്‍ശിക്കുകയോ അറിയാതെ ഭക്ഷണത്തില്‍ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേല്‍ക്കുകയോ ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നത്, വൃക്കകളെ ബാധിക്കുന്നത് എന്നിങ്ങനെ രണ്ടുതരത്തില്‍ മനുഷ്യശരീരത്തെ ബാധിക്കുന്ന വൈറസുകളാണ് ഹാന്റ വൈറസിന്റേത്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാ വൈറസ് പള്‍മണറി സിന്‍ഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിന്റെ മരണനിരക്ക് ഏകദേശം 40 ശതമാനം ആണ്. 970-കളില്‍ തെക്കന്‍ കൊറിയയിലെ ഹാന്റാന്‍ നദിക്കടുത്താണ് ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഹാന്റാ വൈറസ് എന്ന പേര്ലഭിച്ചത്.