ദില്ലി: സുരക്ഷസേനകളുടെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തിന് മാര്‍?ഗനിര്‍ദേശം തയാറാക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. ദില്ലിയിലെ വിദ്യാര്‍ത്ഥി സമരത്തിന് നേരെയുണ്ടായ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ദില്ലി സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ച് ജവാന് എതിരെ സിആര്‍പിഎഫ് കേസിന് അനുവാദം നല്‍കില്ല. മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടപടിയെന്നാണ് സിആര്‍പിഎഫ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
അസാധാരണ സാഹചര്യങ്ങളില്‍ സേനകള്‍ക്ക് ചില നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ഇതില്‍ ഒന്നാണ് പെല്ലറ്റ് ഗണ്‍ ഉപയോഗമെന്നും നീരീക്ഷിച്ചുകൊണ്ടാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെട്ടത്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സനല്‍കണം. ഒപ്പം പെല്ലറ്റ് ഗണ്‍ ഉപയോഗത്തിന് മാര്‍ഗനിര്‍ദേശം തയ്യാറാക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആയുധങ്ങള്‍ സേനകള്‍ക്ക് നല്‍കുന്നത് മനോധൈര്യം ഉറപ്പാക്കാനാണെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നീരീക്ഷിച്ചു. പ്രതിഷേധത്തിനിടെ ജന്തര്‍ മന്തറില്‍ വിന്യസിച്ച ആര്‍എഎഫിന്റെ ആയുധപ്രയോഗത്തിന്റെ വിവരങ്ങള്‍ സൂക്ഷിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനിടെ പെല്ലറ്റ് ഗണ്‍ ഉപയോഗത്തില്‍ ആര്‍എഎഫിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. സേന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പെല്ലറ്റ് ഗണ്‍ അടക്കം ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍. ഇതിനാല്‍ ആര്‍എഎഫ് ഉദ്യോഗസ്ഥനെതിരെ ദില്ലി പൊലീസ് കേസെടുത്താലും തുടര്‍നടപടികള്‍ക്ക് സിആര്‍പിഎഫ് അനുമതി നല്‍കില്ല. പ്രോസിക്യൂഷന്‍ അനുമതിയടക്കം സിആര്‍പിഎഫ് ഡിജി നല്‍കില്ലെന്നാണ് വിവരം. ഭയമില്ലാതെ ചുമതലകള്‍ നിര്‍വഹിക്കണമെന്നും നിയമാനുസൃതമായി പ്രവര്‍ത്തിച്ച സേനാംഗങ്ങളെ സംരക്ഷിക്കുമെന്നും സ്ഥാപകദിന സന്ദേശത്തില്‍ സിആര്‍പിഎഫ് ഡിജി ജിപി സിങ് വ്യക്തമാക്കി. പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളുടെ ശരീരത്തില്‍ നിന്ന് ലോഹ ഭാഗങ്ങള്‍ കണ്ടെത്തി. ശസ്ത്രക്രിയയ്ക്കിടെയാണ് കണ്ടെത്തിയത്. ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജ് തയ്യാറാക്കിയ മെഡിക്കോ - ലീഗല്‍ കേസ് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.