ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ ഓണ സമ്മാനം 5.4 കോടി രൂപ

 


കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് ഓണസമ്മാനമായി ഇക്കുറി 5.04 കോടി രൂപ നല്‍കും. അധിക പാല്‍ വിലയായി 420 ലക്ഷം രൂപയും കാലിത്തീറ്റ സബ്സിഡിയായി 84 ലക്ഷം രൂപയുമാണ് ഈ ഓണക്കാലത്ത് നല്‍കുന്നത്. മലബാര്‍ മേഖലയിലെ ഒരു ലക്ഷത്തോളം വരുന്ന ക്ഷീര കര്‍ഷകരും 1200-ഓളം വരുന്ന പ്രാഥമിക ആനന്ദ് മാതൃക ക്ഷീര സംഘങ്ങളും ഈ ആനുകൂല്യത്തിന്റെ ഗുണഭോക്താക്കളാണ്. 

2026 ജൂണ്‍ 1 മുതല്‍ 30വരെ മേഖലാ യൂണിയന് ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ വഴി  നല്‍കിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 2 രൂപ വീതമാണ് അധിക പാല്‍ വിലയായി നല്‍കുക. ഇക്കാലയളവില്‍ സംഭരിച്ച  210 ലക്ഷം ലിറ്റര്‍ പാലിന്റെ അധിക വിലയായി 4.20 കോടി രൂപ വരും ദിവസങ്ങളില്‍ മലബാറിലെ ആറ് ജില്ലകകളിലെ ക്ഷീര കര്‍ഷകരിലേക്കെത്തിച്ചേരും. മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതി യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന ക്ഷീര സംഘങ്ങളിലൂടെ വിതരണം നടത്തുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ, മില്‍മ ബൈപ്രോ കാലിത്തീറ്റ എന്നിവയ്ക്ക്  50 കിലോ ചാക്കൊന്നിന്  100 രൂപ വീതവും  എംആര്‍ഡിഎഫിന്റെ പെല്ലറ്റ് രൂപത്തിലുള്ള  ടിഎംആര്‍  കാലിത്തീറ്റ ചാക്കൊന്നിന് 50 രൂപ വീതവും ഓഗസ്റ്റ് മാസത്തില്‍ സബ്‌സിഡി നല്‍കും. വിതരണം തടസ്സപ്പെടുമ്പോള്‍ സംഘങ്ങള്‍ നേരിട്ടു വാങ്ങുന്ന സൈലേജിനും സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് കിലോഗ്രാമിന് 75 പൈസ വീതവും  സംഘങ്ങള്‍ക്ക് 25 പൈസ വീതവുമാണ് സബ്‌സിഡി ലഭിക്കുക. കാലിത്തീറ്റ സബ്‌സിഡിയിനത്തില്‍    മാത്രം 84 ലക്ഷം രൂപയാണ് കര്‍ഷകരിലേക്കെത്തിച്ചേരുക. ഇതോടെ മേഖല യൂണിയൻ പാൽ വിലക്ക് പുറമെ ഈ സാമ്പത്തിക  വർഷത്തിൽ മാത്രം അധിക പാൽ വിലയും കാലിത്തീറ്റ സബ്‌സിഡിയുമായി 10 കോടി രൂപ  കർഷകർക്ക് കൈ മാറുകയാണ്.

അധിക പാല്‍ വില തുക ഓഗസ്റ്റ് ഒന്നു മുതല്‍ 10 വരെയുള്ള പാല്‍ വിലയോടൊപ്പം ക്ഷീര സംഘങ്ങളുടെ അക്കൗണ്ടിലേക്ക് നല്‍കുമെന്നും, സംഘങ്ങള്‍ ഈ തുക ഓണത്തിനു മുമ്പായി ക്ഷീര കര്‍ഷകര്‍ക്ക് കൈമാറുമെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media