കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെ പക്ഷപാതപരമായ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് വകുപ്പു റജിസ്ട്രാര്‍ക്ക് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ് മണിയുടെ പരാതി. മലബാര്‍ മില്‍മ ചെയര്‍മാന്‍ എന്ന നിലയില്‍ 2026 സെപ്തംബര്‍ ഒന്നിന് താന്‍ നല്‍കിയ പരാതിയില്‍ നടപടികള്‍ എടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാത്ത വകുപ്പു റജിസ്ട്രാറുടെ നടപടി എന്ത് നിലപാടിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നാണ് കെ.എസ് മണി ആവശ്യപ്പെട്ടിരിക്കുന്നത്.
മലബാര്‍ മേഖലാ യൂണിയന്‍ തുടങ്ങിയതു മുതലിങ്ങോട്ടുള്ള ദീര്‍ഘ കാലയളവില്‍ നടന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കൂടിയായിരിക്കെ കെ.എസ് മണി അന്വേഷണം ആവശ്യപ്പെട്ടിരുന്നത്.
മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ പിരിച്ചു വിട്ടതിനു പിന്നാലെ ചില സംഘം പ്രസിഡന്റുമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള സഹകരണ സംഘം നിയമം സെക്ഷന്‍ 65 പ്രകാരം അന്വേഷണം പ്രഖ്യാപിച്ച താങ്കള്‍ മില്‍മ ചെയര്‍മാന്‍ എന്ന നിലയ്ക്ക് ഞാന്‍ നല്‍കിയ പരാതിയിന്മേല്‍ മൗനം പാലിക്കുന്നതും പക്ഷപാതപരമായ നടപടികള്‍ കൈക്കൊള്ളുന്നതും പ്രതിഷേധാര്‍ഹമാണ്.
അന്വേഷണ വിഷയങ്ങളില്‍ താന്‍ നല്‍കിയ പരാതിയിലെ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും ഇക്കാര്യത്തില്‍ നീതിപൂര്‍വ്വമായ മറുപടിയും നടപടിയും ഇല്ലാത്ത പക്ഷം നിമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും കെ.എസ് മണി റജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.