9.3 കിലോ ഭാരമുള്ള വൃക്കകള്‍ അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു;
കോഴിക്കോട്: അപൂര്‍വ്വവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയയിലൂടെ കണ്ണൂര്‍ സ്വദേശിയായ അറുപത്തി ഒന്നുകാരന്റെ 9.3 കിലോ ഭാരമുള്ള ഇരു വൃക്കകളും കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ വിജയകരമായി നീക്കം ചെയ്തു. ജനിതക രോഗമായ ഓട്ടോസോമല്‍ ഡോമിനന്റ് പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ് മൂലം അസാധാരണമാംവിധം വലുതായി തീര്‍ന്ന വൃക്കകളാണ് ബൈലാറ്ററല്‍ ഓപ്പണ്‍ നെഫ്രക്ടമി എന്ന സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. യൂറോളജി, നെഫ്രോളജി, അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളുടെ കൃത്യമായ ഏകോപനമാണ് ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.വൃക്കകള്‍ മാറ്റിവച്ച രോഗി സുഖം പ്രാപിച്ചു വരുന്നു
കഠിനമായ വയറുവേദനയെയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളെയും തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗിക്ക് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഇരു വൃക്കകളിലും ദ്രാവകം നിറഞ്ഞ നിരവധി സിസ്റ്റുകള്‍ രൂപപ്പെടുന്ന പോളിസിസ്റ്റിക് കിഡ്‌നി എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചത്. സാധാരണയായി മനുഷ്യശരീരത്തിലെ ഒരു വൃക്കയ്ക്ക് 120 മുതല്‍ 150 ഗ്രാം വരെ മാത്രമാണ് ഭാരമുണ്ടാകാറുള്ളത്. എന്നാല്‍ ഈ ജനിതക രോഗാവസ്ഥ കാരണം രോഗിയുടെ വലത് വൃക്കയ്ക്ക് 4.2 കിലോഗ്രാം ഭാരവും ഇടത് വൃക്കയ്ക്ക് 5.1 കിലോഗ്രാം ഭാരവും വന്ന് വലുതാവുകയായിരുന്നു. വൃക്കകളുടെ ഈ അനിയന്ത്രിതമായ വലിപ്പം രോഗിയുടെ ജീവനും മറ്റ് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തിനും കടുത്ത ഭീഷണിയായതോടെയാണ് അടിയന്തര ശസ്ത്രക്രിയ അനിവാര്യമായി തീര്‍ന്നത്.
ഉദരത്തിലെ പ്രധാന രക്തധമനികളോട് ചേര്‍ന്നുനിന്ന ഭീമാകാരമായ വൃക്കകള്‍ മറ്റ് അവയവങ്ങള്‍ക്ക് കേടുപാടുകള്‍ കൂടാതെ വേര്‍പെടുത്തിയെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു എന്ന് ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോ. സൂര്‍ദാസ് രാധാകൃഷ്ണന്‍ പറഞ്ഞു. ഡോ. സൂര്‍ദാസ് രാധാകൃഷ്ണന്‍, ഡോ.രവികുമാര്‍ കരുണാകരന്‍, ഡോ. അഭയ് ആനന്ദ്, ഡോ. അല്‍ഫോണ്‍സ് ഫിലിപ്പ്, ഡോ. ദീപ്ന, അനസ്‌തെറ്റിസ്റ്റ് ഡോ. മിഥുന്‍ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
അപൂര്‍വ്വമായി മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരം രോഗാവസ്ഥ കൃത്യസമയത്ത് കണ്ടെത്താനും ഭാരമേറിയ വൃക്കകള്‍ നീക്കം ചെയ്ത് രോഗിയുടെ ജീവന്‍ സുരക്ഷിതമാക്കാനും സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം വ്യക്തമാക്കി. കാല്‍നൂറ്റാണ്ടിന്റെ പാരമ്പര്യവും ജനവിശ്വാസവും കൈമുതലാക്കി അത്യാധുനിക ചികിത്സാരീതികളും വിദഗ്ധ പരിചരണവും സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ ആസ്റ്റര്‍ മിംസ് പ്രതിജ്ഞാബദ്ധമാണെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.