എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ
 


തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി വിരമിക്കുന്ന ഒഴിവിലേക്ക് ഡിജിപിയായി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കണമെന്ന് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി. സീനിയോറിറ്റി അനുസരിച്ച് ഡിജിപിയാകേണ്ട അജിത് കുമാര്‍ സസ്‌പെന്‍ഷനിലായ സാഹചര്യത്തില്‍ ഇനി സര്‍ക്കാര്‍ തീരുമാനമാണ് നിര്‍ണ്ണായകം. കുറ്റമറ്റ രീതിയില്‍ നടപടി എടുത്തത് കൊണ്ടാണ് അജിത് കുമാറിന് സ്റ്റേ കിട്ടാത്തതെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വിശദീകരിച്ചു. അതേ സമയം അജിത് കുമാറിനെതിരെ കേസെടുക്കുന്നതില്‍ വകുപ്പ് തല നടപടി തീരട്ടെ എന്നാണ് ആഭ്യന്തരവകുപ്പ് നിലപാട്.

31ന് ഫയര്‍ഫോഴ്‌സ് മേധാവി നിധിന്‍ അഗര്‍വാള്‍ വിരമിക്കുമ്പോള്‍ ഒഴിവുള്ള ഡിജിപി പദവിയിലേക്ക് ആരെത്തുമെന്നതിലാണ് ആകാംക്ഷ. അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതിനിടെയാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ വരുന്നത്. അജിത് കുമാര്‍ കഴിഞ്ഞാല്‍ അടുത്ത സീനിയര്‍ ജയില്‍മേധാവി എസ് ശ്രീജിത്തിന് ഡിജിപി പദവി നല്‍കണമെന്നാണ് ശുപാര്‍ശ. ശ്രീജിത്തിന് പദവി നല്‍കുമോ അതോ ഒഴിച്ചിടുമോ എന്ന സര്‍ക്കാര്‍ തീരുമാനം നിര്‍ണ്ണായകമാണ്.

അജിതിന് ഡിജിപി പദവി കിട്ടാന്‍ നടപടി വൈകിപ്പിക്കുന്നു എന്ന് വരെ ആക്ഷേപം കേട്ടതാണ് സര്‍ക്കാര്‍. ഇനി പദവി ഒഴിച്ചിട്ടാല്‍ അജിത് കുമാറിന് വേണ്ടിയാണെന്ന ആരോപണം കൂടി കേള്‍ക്കേണ്ടി വരും. അജിത് കുമാറിനെക്കാള്‍ സീനിയറായ സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് ജനുവരിയില്‍ സംസ്ഥാനത്തേക്ക് മടങ്ങിവരുമെന്നും അഭ്യൂഹങ്ങളുണ്ട്. സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം തള്ളിയതിന്റെ വലിയ ആശ്വാസത്തിലാണ് സര്‍ക്കാര്‍.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media