കോഴിക്കോട് : ഇന്ത്യയിലാദ്യമായി 3000 തൈറോയ്ഡ് പിന്‍ഹോള്‍ ചികിത്സകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മിംസ് ദേശീയ നേട്ടത്തിലേക്ക്. രോഗമുക്തി നേടിയവരുടെ സംഗമവും ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാരെ ആദരിക്കുന്ന ചടങ്ങിന്റെയും ഉദ്ഘാടനം ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം നിര്‍വഹിച്ചു. കഴുത്തില്‍ വലിയ ശസ്ത്രക്രിയകളോ മുറിപ്പാടുകളോ ഇല്ലാതെ, പ്രത്യേക സൂചി ഉപയോഗിച്ച് തൈറോയ്ഡ് മുഴകള്‍ കരിച്ചു കളയുന്ന അത്യാധുനിക രീതിയാണ് പിന്‍ഹോള്‍ പ്രൊസീജിയര്‍. ഈ ചികിത്സയിലൂടെ രോഗമുക്തി നേടിയവരുടെ സംഗമമാണ് ആശുപത്രിയില്‍ നടന്നത്. തങ്ങള്‍ക്ക് ആശ്വാസമേകിയ മെഡിക്കല്‍ സംഘത്തെ രോഗികള്‍ പൊന്നാടയണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയും ആദരിച്ചു.
മെഡിക്കല്‍ രംഗത്തെ അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതികവിദ്യകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വലിയ ശസ്ത്രക്രിയകളെ ഭയന്നിരുന്ന മൂവായിരത്തോളം രോഗികള്‍ക്കാണ് ഈ ലളിതമായ ചികിത്സയിലൂടെ ആശ്വാസം നല്‍കാന്‍ കഴിഞ്ഞത്. മലബാറിലെ ജനങ്ങള്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഈ സ്ഥാപനത്തില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ ദേശീയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത ശസ്ത്രക്രിയകള്‍ക്ക് പകരമായി കുറഞ്ഞ സമയത്തിനുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ഈ ചികിത്സ സഹായിച്ചതായി കേരളത്തിന് അകത്തുനിന്നും പുറത്ത് നിന്നും ഒത്തുചേര്‍ന്ന രോഗം ഭേദമായവര്‍ പറഞ്ഞു.
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ആരോഗ്യ പരിപാലന രംഗത്ത് നിര്‍ണ്ണായക സ്വാധീനമായി തുടരുന്ന കോഴിക്കോട് ആസ്റ്റര്‍ മിംസ് പ്രാദേശിക തലത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ മുന്‍പന്തിയിലാണ്. വരും നാളുകളിലും കൂടുതല്‍ ലളിതവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ അത്യാധുനിക ചികിത്സാരീതികള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ചടങ്ങില്‍ പീഡിയാട്രിക് സര്‍ജറി വിഭാഗം മേധാവി ഡോ. എബ്രഹാം മാമ്മന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജി ഡോ. മുഹമ്മദ് റഫീഖ് പി.കെ, ഡോ.കിഷോര്‍ കണിയഞ്ചാലില്‍, എജിഎം മാര്‍ക്കറ്റിംഗ് അനു എസ് കടയത്ത്, അസിസ്റ്റന്റ് മാനേജര്‍ ഓപ്പറേഷന്‍സ് ടീന ആനി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.