കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ചിത്രകാരിയുടെ പെയിന്റിങ് പൂര്‍ണമായി വിമാനത്തില്‍ പകര്‍ത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചരിത്രം സൃഷ്ടിച്ചു. ബിനാലെ മ്യൂറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന തമിഴ്നാട്ടുകാരിയായ ഓഷീന്‍ ശിവയുടെ ഗ്രാഫിറ്റി പെയിന്റിങ്ങാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ ബോയിങ് വിമാനത്തിലുളളത്. വിമാനം തന്നെ ചിത്രകലക്കുളള ക്യാന്‍വാസാക്കി മാറിയതോടെ ഈ വിമാനത്തിന് ഫ്‌ലയിങ് ക്യാന്‍വാസ് എന്നാണ് പേരിട്ടിരിക്കുന്നത്.
രാജ്യത്ത് ആദ്യമായി ഇത്തരത്തില്‍ ഒരു വിമാനം പെയിന്റ് ചെയ്യുന്ന വിമാന കമ്പനിയും എയര്‍ ഇന്ത്യ എക്‌സ്പ്രസാണ്. മറ്റ് വിമാനകമ്പനികളില്‍ നിന്ന് വ്യത്യസ്തമായി എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ ഓരോ വിമാനത്തിനും വേവ്വേറെ പുറം ഡിസൈനുകളാണുളളത്.
ഓരോ വിമാനത്തിന്റെ വാലറ്റവും ഒരു പ്രത്യേക കലാരൂപത്തില്‍ നിന്നോ നെയ്ത്ത് രീതിയില്‍ നിന്നോ പ്രചോദനമുള്‍ക്കൊള്ളുന്നതാണ്. ടെയില്‍സ് ഓഫ് ഇന്ത്യ എന്ന പ്രൊജക്ടിന്റെ ഭാഗമായി കസവ്, കാഞ്ചീവരം, കലംകാരി തുടങ്ങിയ വസ്ത്ര ഡിസൈനുകളുടെ ശൈലിയിലുളള ഡിസൈനുകളിലാണ് ഓരോ വിമാനത്തിന്റേയും വാലറ്റം. എന്നാല്‍ ഇതാദ്യമായാണ് വിമാനംമുഴുവന്‍ ആര്‍ട്ട് വര്‍ക്ക് വരുന്നത്.