കോഴിക്കോട്: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് സര്‍ക്കാരിന്റെ നിര്‍ണായക ഉത്തരവ്. എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവിറക്കിയത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര നടപടി.
കോഴ്‌സിന്റെ യഥാര്‍ത്ഥ കാലയളവായ നാലര വര്‍ഷത്തെ ഫീസ് മാത്രം ഈടാക്കിക്കൊണ്ട് ഫീസ് റെഗുലേറ്ററി കമ്മിറ്റി പുതിയ ഫീസ് ഘടന പുതുക്കി നിശ്ചയിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 2024-ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ചട്ടപ്രകാരം എംബിബിഎസ് കോഴ്‌സിന്റെ അക്കാദമിക് കാലാവധി നാലര വര്‍ഷമാണ്. എന്നാല്‍ കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ അഞ്ച് വര്‍ഷത്തെ ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിരുന്നത്.