കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈശ്വര നാമത്തിലാണ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തത്. വലിയ ആരവത്തോടെയാണ് ബംഗാള്‍ ജനത സുവേന്ദുവിനെ വരവേറ്റത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ബ്രിഗേഡ് ഗ്രൗണ്ടില്‍ എത്തിയിരിക്കുന്നത്. നരേന്ദ്ര മോദി, അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിട്ടുണ്ട്. സുവേന്ദുവിനൊപ്പം അഞ്ചു മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു.
പശ്ചിമബംഗാളിലെ ബിജെപിയുടെ പോരാട്ട വീര്യത്തിന്റെ പര്യായമാണ് സുവേന്ദു അധികാരി. മരുമകന്‍ അഭിഷേക് ബാനര്‍ജിയെ മമത പാര്‍ട്ടിയിലെ രണ്ടാമനാക്കിയതിന് പിന്നാലെയാണ് സുവേന്ദു തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. ടിഎംസിയുടെ എല്ലാ കളികളും അറിയാവുന്ന, മമതയുടെ ബദ്ധവൈരിയായ സുവേന്ദു മുഖ്യമന്ത്രിയാകുമ്പോള്‍ ബം?ഗാള്‍ ഇനി സാക്ഷിയാകാന്‍ പോകുന്നത് ഒരുപാട് നാടകീയ സംഭവങ്ങള്‍ക്കായിരിക്കും.
ബംഗാളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിജെപിയുടെ കുന്തമുനയാണ് സുവേന്ദു അധികാരി. തൃണമൂല്‍ കോണ്‍ഗ്രസിനോട് നേരിട്ട് പോരടിച്ച് നിയമസഭയ്ക്കകത്തും പുറത്ത് തെരുവിലും സുവേന്ദു നടത്തിയ പോരാട്ടം ബിജെപിയുടെ ചരിത്ര വിജയത്തില്‍ നിര്‍ണായകമായി.