ഇടത് പാര്‍ട്ടികളും വിസികെയും പിന്തുണച്ചു

മാന്ത്രിക സംഖ്യ ഉറപ്പിച്ചു;  തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്നെ



ചെന്നൈ: തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ 4 നാള്‍ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ച് തമിഴ്‌നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായി. 108 എം എല്‍ എ മാരുടെ പിന്തുണയുണ്ടായിരുന്ന ടി വി കെയുടെ 'കൈ' പിടിച്ചെത്തിയ കോണ്‍ഗ്രസിന് പിന്നാലെ ഇന്ന് വിസിലടിച്ച് ഇടത് പാര്‍ട്ടികളും വി സി കെയും ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ജനനായകനായി വിജയ് മാറുന്നത്. കോണ്‍ഗ്രസിന്റെ 5, ഇടതുപാര്‍ട്ടികളുടെ 4, വി സി കെയുടെ 1, എം എല്‍ എ മാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് കേവല ഭൂരിപക്ഷമായ 118 ടി വി കെയ്ക്ക് സ്വന്തമായത്. ഉപാധികളില്ലാത്ത പിന്തുണയാണ് സി പി എമ്മും സി പി ഐയും പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ ബി ജെ പി, ഗവര്‍ണറെ ഇറക്കി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഇടത് പാര്‍ട്ടികള്‍ പിന്തുണ കത്ത് കൈമാറിയത്. വിജയ് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാടിലാണ് സി പി എമ്മും സി പി ഐയും. അതേസമയം വി സി കെ മന്ത്രിസഭയുടെ ഭാഗമാകും. വി സി കെ നേതാവ് തിരുമാവളവന്‍ മന്ത്രി യാകുമെന്ന് ഉറപ്പായിട്ടുണ്ട്. 118 എം എല്‍ എമാരുടെ പിന്തുണ കത്ത് കിട്ടിയതോടെ വിജയ് ഉടന്‍ തന്നെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നന്ദി അറിയിക്കാനായി സി പി എം, സി പി ഐ സംസ്ഥാന കമ്മിറ്റി ഓഫീസുകളില്‍ എത്തുമെന്നും വിജയ് അറിയിച്ചിട്ടുണ്ട്.

'വിജയ് സര്‍ക്കാരുണ്ടാക്കട്ടെ'
അടുത്ത മുഖ്യമന്ത്രി ആര്, രാഷ്ട്രപതി ഭരണം വരുമോ എന്നിങ്ങനെ കഴിഞ്ഞ നാല് ദിവസമായി തമിഴകം തേടിയ ചോദ്യങ്ങള്‍ക്കെല്ലാമാണ് ഇതോടെ ഉത്തരമായിരിക്കുന്നത്. വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതോടെയാണ് ഇടത് പാര്‍ട്ടികള്‍ അപകടം മണത്തത്. ടി വി കെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എം എല്‍ എമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സര്‍ക്കാര്‍ എങ്ങനെ സാധ്യമാകുമെന്നുമാണ് രാജേന്ദ്ര അര്‍ലേക്കര്‍ ചോദിച്ചത്. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ ഡി എം കെ പിന്തുണയോടെ എ ഐ എ ഡി എം കെ സര്‍ക്കാരിനുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഇതിന് പിന്നില്‍ ബി ജെ പിയാണെന്ന കടന്നാക്രമണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത് തമിഴകത്ത് നിര്‍ണായക വഴിത്തിരിവായി. സ്റ്റാലിന് ബി ജെ പി ബന്ധമെന്നതടക്കമുള്ള കോണ്‍ഗ്രസ് ആരോപണം ഡി എം കെ ക്യാമ്പിനെ ഒന്നാകെ പ്രതിരോധത്തിലാക്കി. ഇതോടെ സഖ്യ നീക്കത്തില്‍ നിന്ന് ഡി എം കെ പൂര്‍ണ അര്‍ത്ഥത്തില്‍ പിന്മാറി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media